അധിക നികുതി അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം, നികുതി വര്‍ധനയ്‌ക്കെതിരെ ഉടന്‍ സമരം

സര്‍ക്കാര്‍ കൂട്ടിയ അധിക നികുതിയും വെള്ളക്കരവും അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം ആഹ്വാനം. യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ ഞെക്കി പിഴിഞ്ഞുണ്ടാക്കുന്ന വന്‍ നികുതി വര്‍ധനയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനായി ഇടതുമുന്നണിയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും സമരപരിപാടികള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പറയുന്നത്. പിന്നെന്തിനാണ് നികുതി ഇത്രമാത്രം വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക നിലയെ കുറിച്ച് ധവളപത്രം ഇറക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റിനെ പോലും അപ്രസക്തമാക്കുന്നതാണ്. നിയമസഭ വിളിച്ചു ചേര്‍ത്ത് കൂട്ടിയ നികുതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യണം. യുദ്ധകാലത്തോ ക്ഷാമകാലത്തോ നല്‍കിയിരുന്ന സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
7000 കോടി രൂപയുടെ അധിക നികുതിയാണ് സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന് വേണ്ടപ്പെട്ടവരില്‍ നിന്ന് നികുതി ഈടാക്കാന്‍ ശ്രമിക്കുന്നില്ല. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.വന്‍കിടക്കാരില്‍ നിന്നും വെള്ളക്കരത്തിന്റെ കുടിശികയുടെ പകുതിയെങ്കിലും പിരിച്ചിരുന്നെങ്കില്‍ വെള്ളത്തിനേര്‍പ്പെടുത്തിയ അധിക നികുതി ഒഴിവാക്കാമായിരുന്നു.
ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് ഏറ്റവുമധികം നികുതി അടിച്ചേല്‍പ്പിച്ച സര്‍ക്കാരാണെന്നും പിറണായി വിജയന്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി അംഗങ്ങളും സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദ്ദേശത്തോട് യാതൊരു വിധത്തിലും യോജിക്കില്ലെന്നും നികുതി നല്‍കില്ലെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha