ബാര്‍ പൂട്ടി വരുമാനം പോയതിന് ജനങ്ങളെന്ത് പിഴച്ചു? വെള്ളക്കരത്തിനു പിന്നാലെ ഷോക്കടിപ്പിക്കല്‍ വരുന്നു; ബസ് ടിക്കറ്റ് നിരക്കും കൂടും

വെള്ളക്കരം കുത്തനെ കൂട്ടിയതിനു പിന്നാലെ വൈദ്യുതിക്കും ഗതാഗതത്തിനും നികുതി വര്‍ധിപ്പിച്ച് ഉമ്മന്‍ചാണ്ടി കേരളത്തെ വെള്ളം കുടിപ്പിക്കും. വി.എം.സുധീരനോടുള്ള പിണക്കം തീര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗം കുറച്ചുകടന്നു പോയെന്ന് എങ്ങനെ പറയാതിരിക്കും? ഫലത്തില്‍ സുധീരന്റെ ആദര്‍ശം വര്‍ധിപ്പിക്കാന്‍ മലയാളികളുടെ പോക്കറ്റ് കാലിയാക്കുകയാണ് സര്‍ക്കാര്‍.
മദ്യവില്‍പ്പന വഴി സംസ്ഥാനത്തിനു ലഭിച്ചിരുന്ന കോടികള്‍ മറ്റുവഴികളിലൂടെ കണ്ടെത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഒന്നര വര്‍ഷം മാത്രം അവശേഷിക്കുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്ക് അപ്രിയനായി കഴിഞ്ഞു. നികുതികള്‍ വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നില്ല.
വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന ജലവകുപ്പിന്റെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. വെള്ളക്കരം വര്‍ധിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവുംവിധം ശ്രമിച്ചതുമാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് വിനയായത്.
സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വിവിധ വഴികള്‍ ആലോചിക്കുന്നുണ്ട്. നികുതി വരുമാനം ഖജനാവിലെത്തിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. റവന്യു സ്‌റ്റേകള്‍ അനുവദിക്കരുതെന്ന് റവന്യു മന്ത്രിയോട് മന്ത്രിസഭായോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂനികുതി, തോട്ടനികുതി, ഭൂമിയുടെ ന്യായവില എന്നിവ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആയിരക്കണക്കിന് ആളുകളെ പ്രതികൂലമായി ബാധിക്കും. പൊതുവെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം നികുതി വര്‍ധനവ് ദുസഹമാണ്.
നിയമന നിരോധനമില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഒരൊറ്റ തസ്തിക പോലും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ധനവകുപ്പില്‍ ഇപ്പോള്‍ തന്നെ ആനുകൂല്യങ്ങള്‍ക്കെല്ലാം മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയില്‍ സകലതും നിരോധിക്കണമെന്ന തീരുമാനം ധനവകുപ്പിലെ ഉദ്യോഗസ്ഥരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുള്ളത്.
നികുതി വര്‍ധിപ്പിക്കേണ്ട മറ്റ് മേഖലകള്‍ കണ്ടെത്താന്‍ വിവിധ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏതുവിധേനയും മറികടക്കാനാണ് നിര്‍ദ്ദേശം. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയതു നല്‍കാനുള്ള വഴിയും സര്‍ക്കാര്‍ തേടുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ തന്നെയാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha