മുറിവേറ്റവര്‍ ഒന്നിക്കുന്നു... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കാര്‍ത്തികേയനെ മത്സരിപ്പിക്കും?

കോണ്‍ഗ്രസിലെ എ വിഭാഗം, കെ.പ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് ജി. കാര്‍ത്തികേയനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. സ്പീക്കര്‍ സ്ഥാനത്ത് നിന്നും രാജിക്കൊരുങ്ങിയ കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ സമ്മതിക്കാത്തത് സുധീരനാണ്. മന്ത്രിസഭാ പുനസംഘടനയുടെ ആവശ്യമില്ലെന്നാണ് സുധീരന്റെ നിലപാട്. രമേശ് ചെന്നിത്തലയും സൂധീരനൊപ്പം നിലകൊണ്ടപ്പോള്‍ മന്ത്രിസഭാ പുനസംഘടന എന്ന ആശയം അവതാളത്തിലായി.
സുധീരനെതിരെ കോണ്‍ഗ്രസിലെ എ വിഭാഗം സര്‍വശക്തിയുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സുധീരന്‍ തുടരുന്നിടത്തോളം കാലം തനിക്ക് സ്വസ്ഥമായി ഭരിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടിയും മനസ്സിലാക്കി കഴിഞ്ഞു.
വയലാര്‍ രവിയെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിച്ച കെ.കരുണാകരന്റെ തന്ത്രമാണ് ഉമ്മന്‍ ചാണ്ടി സ്വീകരിക്കാന്‍ പോകുന്നത്. എ.കെ.ആന്റണിക്കെതിരെയാണ് കരുണാകരന്‍ രംഗത്തെത്തിയത്. കരുണാകരന്റെ സ്ഥാനത്ത് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയാണുള്ളത്. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാലുടന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരുമെന്നാണ് കരുതുന്നത്.
അതേ സമയം സൂധീരനാകട്ടെ തന്റെ നയം ഉറപ്പിക്കുന്നതിനായി യാതൊന്നും ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വേണമെങ്കില്‍ സുധീരന് ഐ ഗ്രൂപ്പിന്റെ പിന്തുണ തേടാം. എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്ക് സുധീരന്‍ തയ്യാറല്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കാര്‍ത്തികേയനാകട്ടെ അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് സ്പീക്കര്‍ സ്ഥാനം ഒഴിയാനാണ് സാധ്യത. എനിക്ക് സ്പീക്കറായിരിക്കാന്‍ താത്പര്യമില്ലെന്ന് കാര്‍ത്തികേയന്‍ പരസ്യമായി പറഞ്ഞതാണ്. പത്രസമ്മേളനം നടത്തി താന്‍ പറഞ്ഞകാര്യത്തില്‍ നിന്നും പിന്‍മാറാന്‍ കാര്‍ത്തികേയന്‍ ഒരിക്കലും തയ്യാറാവുകയില്ല. അങ്ങനെ സംഭവിച്ചാല്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ പ്രതിപക്ഷം അക്കാര്യം സഭയില്‍ ഉന്നയിക്കും.
കാര്‍ത്തികേയനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് കാര്‍ത്തികേയന്റെ പിന്തുണയുണ്ടെന്നാണ് കേള്‍ക്കുന്നത്. കാരണം സുധീരന്റെ നടപടിയില്‍ കാര്‍ത്തികേയന്‍ ഖിന്നനാണ്. തന്റെ മന്ത്രിസഭാ പ്രവേശനത്തെ തുരങ്കം വച്ചതും സുധീരനാണെന്നാണ് കാര്‍ത്തികേയന്‍ വിശ്വസിക്കുന്നു. കെ.പി.സി.സി അധ്യക്ഷസ്ഥാനമാണ് പകരം വീട്ടാന്‍ പറ്റിയ ഇടമെന്നും കാര്‍ത്തികേയന്‍ കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha