2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് എം.എം ഹസന്‍. യുവനേതാക്കളുടെ ഫെയിസ്ബുക്ക് വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പത്രം വായിക്കാനും വാര്‍ത്ത കാണാനും സമയമില്ലെന്ന് പരിഹാസം

സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ യാതോരു ഗൗരവവുമില്ലാതെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ തള്ളോട് തള്ള് നടത്തി. കേരളാ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ യുവനേതാക്കള്‍ ഫെയിസ്ബുക്കിലൂടെ രംഗത്തെത്തിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പത്രം വായിക്കാനും വാര്‍ത്ത കാണാനും നേരമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മറുപടി നല്‍കി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് രണ്ട്, കേരള കോണ്‍ഗ്രസ്എം ഒന്ന്, ആര്‍എസ്പിഒന്ന് എന്നീ നിലയിലാവും സീറ്റ് വിഭജനം നടത്തുക. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസ് തന്നെ വഹിക്കുമെന്നും ലീഗ് ഈ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ദു;ഖത്തോടും പ്രയാസത്തോടെയുമാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത്. മുന്നണിയുടെ കെട്ടുറപ്പിനും നിലനില്‍പിനും പല ത്യാഗങ്ങളും കോണ്‍ഗ്രസ് മുമ്പും ചെയ്തിട്ടുണ്ട്. നാല് വര്‍ഷം കഴിഞ്ഞ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്ന് ഇപ്പോള്‍ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും ഹസന്‍ വ്യക്തമാക്കി.
വയനാട് സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങളോട് ആവശ്യപ്പെട്ടു കാണും, ഞങ്ങളോട് ചോദിച്ചിട്ടില്ലെന്ന് ഹസന്‍ മറുപടി നല്‍കി. രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും പ്രകടനവും കെപിസിസി മാനിക്കുന്നു. അടുത്ത ടേമില്‍ ലഭിക്കുന്ന രണ്ടു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെ വോട്ടു ചെയ്യും. വിപ്പ് നല്‍കി കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും മാറ്റി ചെയ്യാന്‍ കഴിയുമോ എന്നും, അങ്ങനെ സംഭവിച്ചാല്‍ എന്താകും സ്ഥിതിയെന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലേയെന്നും ഹസന്‍ ചോദിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടിയുടെ നാശത്തിനാണെന്നും സുതാര്യത ഇല്ലാത്തതുമാണെന്ന വി.എം.സുധീരന്റെ വിമര്‍ശനത്തെ ഹസന്‍ തള്ളി. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും വ്യക്തിപരവുമാണെന്നും ഹസന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം പ്രസിഡന്റായ താനാണ് പറയുന്നതെന്നും ഹസന്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്‌നം രൂക്ഷമായതോടെ നേതാക്കള്‍ ഇടപെട്ട് അടിയന്തരമായി പരിഹരിക്കണമെന്നും അല്ലെങ്കില്‍ ഇടപെടുമെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























