അമ്മ നേതൃത്വം വിവാദച്ചുഴിയില്‍ വീണ് കയ്യുംകാലുമിട്ട് അടിക്കുമ്പോള്‍ എരിതീയില്‍ എണ്ണയെന്ന പോലെ നടന്‍ ജോയി മാത്യുവിന്റെ കത്ത്, ജനറല്‍ ബോഡി വിളിക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം

അമ്മ നേതൃത്വം വിവാദച്ചുഴിയില്‍ വീണ് കയ്യുംകാലുമിട്ട് അടിക്കുമ്പോള്‍ എരിതീയില്‍ എണ്ണയെന്ന പോലെ നടന്‍ ജോയി മാത്യുവിന്റെ കത്ത്. അമ്മയുടെ ജനറല്‍ ബോഡി യോഗം ഉടന്‍ വിളിക്കണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. മുമ്പ് താന്‍ രണ്ട് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും ഇത് മൂന്നാമത്തെ കത്താണെന്നും ജോയി മാത്യു പറഞ്ഞു. അമ്മയില്‍ പലതരത്തിലുള്ള ജീവനക്കാരാണ് ഉള്ളതെന്നും താന്‍ ക്ലാസ് ഫോര്‍ ജീവനക്കാരാണെന്നും കഴിഞ്ഞ ദിവസം ജോയി മാത്യു കളിയാക്കിയിരുന്നു. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് പല അംഗങ്ങളും വിട്ട് നിന്നിരുന്നു. ഇവരില്‍ പലരും കൊച്ചിയിലുണ്ടായിരുന്നു എന്നതാണ് സത്യം. അത് പ്രസിഡന്റ് മോഹന്‍ലാലിനെ ഞെട്ടിച്ചിരുന്നു. എന്താണ് ഇങ്ങിനെ സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹം യോഗത്തില്‍ ചോദിച്ചിരുന്നു.
പൃഥ്വിരാജും നിവിന്‍പോളിയും ഫഹദും ടൊവിനോയും അടക്കമുള്ള യുവതാരങ്ങള്‍ അമ്മയുമായി നിസഹകരണത്തിലാണ്. നാല് നടിമാര്‍ രാജിവച്ചത് ശരിയായ നടപടിയാണെന്നും അവര്‍ക്കൊപ്പമാണ് താനെന്നും പൃഥ്വിരാജ് പരസ്യമായി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ജനറല്‍ബോഡി വിളിക്കണമെന്ന ആവശ്യം ജോയിമാത്യു മുന്നോട്ട് വച്ചത്. ദിലീപിനെ തിരിച്ചെടുത്തത് ഗൂഡമായ നീക്കത്തിലൂടെയാണെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ അപ്പോഴാണ് ഇത് അറിഞ്ഞതെന്നും എതിര്‍ക്കാതിരുന്നത് തെറ്റായെന്നും മാധ്യമങ്ങള്‍ക്ക് സംഘടന വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്നും സംവിധായകനും നടനുമായ പി. ബാലചന്ദ്രനും വ്യക്തമാക്കി.
നേതൃത്വത്തിന്റെ അധാര്‍മികതയ്‌ക്കെതിരെ അങ്ങനെ ഓരോരുത്തരായി രംഗത്ത് വരുന്നത് ഭാരവാഹികളെ ആശങ്കയിലാഴ്ത്തുന്നു. ദിലീപിനെ കൊണ്ട് തന്നെ താന്‍ സംഘടനയിലേക്ക് ഇല്ലെന്ന് പറയിച്ചിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാജിവെച്ച നടിമാര്‍ സ്ഥിരംപ്രശ്‌നക്കാരാണെന്നും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ അധിഷേപമായി സംസാരിക്കുകയും ചെയ്ത ഗണേഷ്‌കുമാറിന്റെ ശബ്ദരേഖ ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. അത് തന്റെ ശബ്ദമാണെന്ന് ഗണേഷ് സ്ഥിരീകരിച്ചു. പ്രസിഡന്റിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ഗണേഷ് വ്യക്തമാക്കിയിരുന്നു.
അതിന് പിന്നാലെയാണ് അമ്മയിലെ തെരഞ്ഞെടുപ്പ് രീതിക്കെതിരെ പാര്‍വതിയും പത്മപ്രിയയും രംഗത്തെത്തിയത്. നോമിനേഷന്‍ നല്‍കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന ഇവരുടെ ആരോപണം അതീവ ഗൗരവതരമാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ജോയിമാത്യു രംഗത്തെത്തിയത്. അതിനാല്‍ നേതൃത്വം ഏറെ വെള്ളം കുടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha
























