യൂത്തന്മാരുടെ പ്രതിഷേധത്തിൽ മുതിർന്ന നേതാക്കന്മാർക്ക് അതൃപ്തി ; മോഹൻലാലിനെ വിമർശിക്കരുതെന്നും ജനപ്രീതിയുള്ള താരങ്ങളെ സമൂഹമധ്യത്തിൽ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആവർത്തിക്കരുതെന്നും യൂത്ത് കോൺഗ്രസിന് മുന്നറിയിപ്പ്

മോഹൻലാലിനും അദ്ദേഹത്തിന്റെ വീടിനും നേരേ നടത്തിയ പ്രകടനങ്ങളിൽ നിന്നും പിൻമാറണമെന്നും മോഹൻലാലിനെ വിമർശിക്കരുതെന്നും യൂത്ത് കോൺഗ്രസിന് കോൺഗ്രസ് പാർട്ടിയുടെ മുന്നറിയിപ്പ്. ഇത്തരം സമര പരിപാടികൾ സി പി എമ്മും സിപിഐയും നടത്തുമെന്നും ജനപ്രീതിയുള്ള താരങ്ങളെ സമൂഹമധ്യത്തിൽ അവഹേളിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.
മോഹൻലാൽ ലഫ്റ്റനന്റ് കേണൽ പദവി ഒഴിയണമെന്ന തരത്തിൽ നടത്തിയ പ്രസ്താവനകൾ ആവർത്തിക്കരുതെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി. അത്തരം പ്രവണതകൾ നന്നല്ലെന്നും മോഹൻലാലിനെ ലഫ്.കേണലാക്കിയത് എ കെ ആന്റണിയാണെന്നും നേത്യത്വം അണികളെ അറിയിച്ചു
സംഭവം നടന്നപ്പോൾ തന്നെ ഉയർന്ന നേതാക്കൾ കെ എസ് യു , യൂത്ത് കോൺഗ്രസുകാരെ ബന്ധപ്പെട്ടിരുന്നു. പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ സമരം ആയിരുന്നു കൊച്ചിയിലേത്. താരസംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള വഴക്കിൽ ആരുടെയും പക്ഷംപിടിക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി. അതേ സമയം മുകേഷിനോ ഗണേശിനോ എതിരെ സമരം ചെയ്യുന്നതിൽ കോൺഗ്രസ് എതിരല്ല. മോഹൻലാൽ ഇവരുടെ കൈയിലെ കളിപാവയായി എന്നാണ് കോൺഗ്രസിന്റെ ധാരണ. മോഹൻലാൽ പൊതുവേ വലതുപക്ഷ വിശ്വാസിയാണ് .അങ്ങനെയുള്ള ഒരാളെ പിണക്കേണ്ട കാര്യമില്ല.
ലാലിന്റെ വീടിനു മുന്നിൽ റീത്ത് വച്ചത് തെറ്റായ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നു. റീത്ത് വച്ച് പ്രതിഷേധിച്ചത് അപക്വമായി. റീത്ത് വയ്ക്കേണ്ടിയിരുന്നത് അമ്മ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളുടെ വീട്ടിലാണ്. അതിന് മുതിരുന്നതിന് പകരം മോഹൻലാലിനെ കടന്നാക്രമിച്ചത് ശരിയായില്ലെന്നാണ് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ കരുതുന്നത്. മോഹൻലാലിന്റെ അഭ്യുദയകാംക്ഷികൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്.
കുറ്റാരോപിതനായ ദിലീപും വലതുപക്ഷ വിശ്വാസിയാണ്. എന്നാൽ അദ്ദേഹത്തെ അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറല്ല, ദിലീപ് ചെയ്ത കുറ്റത്തിന് മോഹൻലാലിനെ ക്രൂശിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം.
അമ്മക്കെതിരെ സി പി എം പിബി അംഗങ്ങൾ വരെ പ്രതികരിച്ചിട്ടും കോൺഗ്രസ് നേതാക്കൾ നിശബ്ദത തുടരുന്നത് ശ്രദ്ധേയമാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പ്രതികരണം ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഉമ്മൻ ചാണ്ടി അടുത്ത കാലത്തായി ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ല. മോഹൻലാലിന് ഹൈകമാൻറിലും സ്വാധീനമുണ്ട്. അക്കാര്യം അറിയാതെയാണ് യൂത്തൻമാർ രംഗത്തിറങ്ങിയത്. മോഹൻലാലിനെതിരെ ഒരു ഡി വൈ എഫ് ഐ നേതാവ് പോലും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























