എന്തിന്റെ പേരിലായാലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യം;ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരം; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്കിയ ദീര്‍ഘ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആള്‍ക്കൂട്ട കൊലപാതകം ഒന്നു പോലും സംഭവിക്കാന്‍ പാടില്ല. അതിനെ ശക്തമായ ഭാഷയില്‍ അപലപിക്കേണ്ടതാണ്. എല്ലാ പൗരന്മാരുടെയും ജീവന് സംരക്ഷണം നല്‍കുന്നതിനും നിയമം നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കാരണം എന്തു തന്നെ ആയാലും അത് കുറ്റകൃത്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്ത് കാരണത്തിന്റെ പേരിലും നിയമം കയ്യിലെടുത്ത് അക്രമം കാണിക്കാന്‍ ആര്‍ക്കും അധികാരമില്ല. ജാതിമത പരിഗണനകള്‍ കൂടാതെ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിനെതിരെ പോരാടാന്‍ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആള്‍ക്കുട്ട കൊലപാതകങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചിട്ടുണ്ട്. കമ്മറ്റിയുടെ ശിപാര്‍ശകള്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha