റഫാല്‍ക്കേസില്‍ സുപ്രീകോടതിയുടെ ഇന്ത്യ കാത്തിരിക്കുന്ന സുപ്രധാന വിധി ചൊവ്വാഴ്ച ; കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, റാഫേല്‍ കേസിലെ ഉത്തരവ് പുനപരിശോധിക്കണം എന്നീ ആവശ്യങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയ പ്രമുഖരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്

പുല്‍വാമ ഭീകരാക്രണത്തിന്റെ ഞെട്ടലില്‍നിന്നു കരകയറിയ ഇന്ത്യ വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കെത്തുന്ന ദിവസമാണ് വരുന്ന ചൊവ്വാഴ്ച. അന്നാണ് റഫാല്‍ക്കേസില്‍ സുപ്രീകോടതിയുടെ വിലപ്പെട്ട വിധി എത്തുക. അതോടെ ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടും റഫാല്‍ അഴിമതിയും തൊഴിലില്ലായ്മയും ന്യൂനപക്ഷപീഢനങ്ങളും കൊണ്ടു നിറയും. ഒരുപക്ഷേ, അഞ്ചു വര്‍ഷം കൊണ്ട് രാജ്യസുരക്ഷപോലും അവതാളത്തിലായ കേന്ദ്ര ഭരണം മുമ്പെത്തേതിനെക്കാള്‍ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്യപ്പെടും.
കഴിഞ്ഞ ഡിസംബര്‍ 14 രാഷ്ട്രീയ നിരീക്ഷകര്‍ ഇതുപോലെ കാത്തിരുന്ന ദിവസമാണ്. അന്നായിരുന്നു റഫാല്‍ കേസില്‍ സിബിഐ അന്വേഷണം വേണോ എന്ന് സുപ്രീംകോടതി വിധി പറഞ്ഞത്. അതുവരെ ഉയര്‍ന്നുവന്ന തെളിവുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്ന ഒരന്വേഷണം കോടതി ആവശ്യപ്പെടും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ മറിച്ചായിരുന്നു കോടതിയുടെ തീരുമാനം. അധിക അന്വേഷണമെന്ന ആവശ്യം തള്ളി. നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ളതായിരുന്നു സുപ്രീം കോടതിയുടെ വിധി. റാഫേല്‍ വിമാനങ്ങളുടെ വില അടക്കമുള്ള കാര്യങ്ങള്‍ സിഎജി യും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും പരിശോധിച്ചിട്ടുണ്ട്. അവര്‍ക്കു ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇനി ഒരന്വേഷണത്തിന്റെ ആവശ്യമില്ല എന്ന നിഗമനത്തില്‍ സുപ്രീംകോടതി എത്തുകയായിരുന്നു.
എന്നാല്‍, അങ്ങനെയൊരു അറിവ് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും സംബന്ധിച്ച് പുതിയതായിരുന്നു. സിഎജി റിപ്പോര്‍ട്ടും പിഎസി പരിശോധനയും നടന്നിട്ടില്ല എന്ന് അവര്‍ വാദിച്ചു. പ്രതിപക്ഷം കള്ളം പറയുന്നു എന്നാണ് ആ ദിവസങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി വക്താക്കള്‍ വീറോടെ വാദിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ കേട്ടുവേള്‍വിയില്ലാത്ത കൌതുകവാര്‍ത്തകള്‍ പുറത്തുവരുന്നത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും സിഎജിയും റാഫേല്‍ വിമാനങ്ങളുടെ വില പരിശോധിച്ചിട്ടുണ്ടെന്ന വസ്തുത ശരിയല്ല. അപ്പോള്‍ ആ തെറ്റായ വിവരങ്ങള്‍ സുപ്രീം കോടതിയുടെ വിധിയില്‍ എങ്ങനെ വന്നു എന്ന ചോദ്യം ഉയര്‍ന്നു. തങ്ങള്‍ അങ്ങനെയല്ല സത്യവാങ്മൂലം കൊടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സുപ്രീംകോടതിക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നും സൂചനയുണ്ടായി. പിന്നീട്, അത് അച്ചടിത്തെറ്റാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. വിവരങ്ങളിലെ തെറ്റ് തിരുത്താനുള്ള പെറ്റീഷന്‍ സര്‍ക്കാര്‍ കോടതിക്കു സമര്‍പ്പിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍വന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന നാല് ഹര്‍ജിയും കോടതിക്കു മുമ്പിലെത്തി. ഇവയെ ആസ്പദമാക്കിയ വാദവും വിധിയുമാണ് ചൊവ്വാഴ്ച ഉണ്ടാവുക.
വാദം കേള്‍ക്കാനുള്ള അവസരം കോടതി ജനത്തിനു നല്‍കിയിട്ടില്ല. തുറന്ന കോടതിക്കു പകരം ചേംബറിലായിരിക്കും വാദം നടക്കുക.
ആരും നിഷ്കളങ്കരല്ല എന്ന ഒരു പരാമര്‍ശം കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയില്‍ നിന്നു വന്നതിന്റെ പശ്ചാത്തലത്തില്‍ കോടതി വിധി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, റാഫേല്‍ കേസിലെ ഉത്തരവ് പുനപരിശോധിക്കണം എന്നീ ആവശ്യങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയ പ്രമുഖരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജിയിലെ തകരാറുകള്‍ തിരുത്തി നല്‍കി കോടതി നടപടി വേഗത്തിലാക്കുന്നതിനു പകരം ഈ ഹര്‍ജിയുടെ പേരില്‍ ആളാകാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന സൂചന നല്‍കിയാണ് സുപ്രീം കോടതി ആരും നിഷ്കളങ്കരല്ല എന്ന പരാമര്‍ശം നടത്തിയത്. ആ വാചകം അതേസമയം കേന്ദ്ര സര്‍ക്കാരിനും ബാധകമാണെന്ന് അഭിപ്രായം ഉയര്‍ന്നു.
എന്തായാലും, സുപ്രീംകോടതിയുടെ നിലപാട് തിരഞ്ഞെടുപ്പിന് വീണ്ടും ചൂടു പകരുമെന്ന് തീര്‍ച്ച. ആ ചൂടില്‍ നരേന്ദ്ര മോദി കൂടുതല്‍ വിയര്‍ക്കാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷേ, ആ വിയര്‍പ്പ് അപകടമുണ്ടാക്കുമെന്ന നിരീക്ഷണവും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം, ലോകത്ത് എവിടെയൊക്കെ ഭരണാധികാരികള്‍ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെട്ട് ഉത്തരം മുട്ടുന്നുവോ അവിടെയൊക്കെ അതിര്‍ത്തിയില്‍ ശത്രുരാജ്യവുമായി യുദ്ധമുണ്ടാവുക പതിവുണ്ട്.
https://www.facebook.com/Malayalivartha

























