സംഘപരിവാറിന്റെ ഉറക്കം കെടുത്താന്‍ കനയ്യകുമാര്‍ വരുന്നു; ഇന്ത്യയിലെ യുവമനസ്സുകളില്‍ സ്ഥാനം പിടിച്ച കമ്യൂണിസ്റ്റ് പോരാളി കനയ്യ കുമാര്‍ ബിജെപിക്കെതിരെ മത്സര രംഗത്ത് ; വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം സിപിഐ നേതൃത്വം അംഗീകരിച്ചു

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ സമര പരമ്പരകളിലൂടെ ഇന്ത്യയിലെ യുവമനസ്സുകളില്‍ സ്ഥാനം പിടിച്ച കമ്യൂണിസ്റ്റ് പോരാളി കനയ്യ കുമാര്‍ ബിജെപിക്കെതിരെ മത്സര രംഗത്തേക്ക് വരുന്നത് വടക്കേ ഇന്ത്യയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നതാണ്. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നാകും കനയ്യകുമാര്‍ മത്സരിക്കുക. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം സിപിഐ നേതൃത്വം അംഗീകരിച്ചു.
ഈയിടെയാണ് പ്രതിസന്ധികളെ അതിജീവിച്ച് കനയ്യകുമാര്‍ തന്റെ ഗവേഷണം പൂര്‍ത്തിയാക്കി പിഎച്ച്ഡി സമ്പാദിച്ചത്. തുടര്‍ ഗവേഷണമാണോ രാഷ്ട്രീയമാണോ കനയ്യ തിരഞ്ഞെടുക്കുക എന്നതിനെ നിശ്ചയിച്ചാകും കാര്യങ്ങള്‍. കനയ്യയുടെ ജന്മദേശമായ ബെഗുസരായ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളരെ സ്വാധീനമുള്ള പ്രദേശമാണ്. ബിജെപിയുടെ ഭോല സിങ്ങാണ് നിലവില്‍ ഇവിടുത്തെ എംപി. കനയ്യ കടന്നുവരികയാണെങ്കില്‍ ബെഗുസരായുടെ മണ്ണ് ഈ ചെറുപ്പക്കാരനെ വിജയത്തിന്റെ രക്തതിലകമണിയിക്കുവാനാണ് സാധ്യത.
ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു കനയ്യ കുമാര്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി എന്ന നിലയിലാണ് കനയ്യ ശ്രദ്ധ നേടുന്നത്. സംഘപരിവാര്‍ ഫാസിസത്തിനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ- വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെയും നടന്ന നിരവധി സമരങ്ങളുടെ നായകസ്ഥാനത്ത് കനയ്യ ഉണ്ടായിരുന്നു. ബിജെപിയുടെ ഉറക്കം കെടുത്തിയ ആ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഭരണാധികരികള്‍ ഉപദ്രവിച്ചിട്ടുണ്ട്. 2016 ല്‍ സര്‍വ്വകലാശാലാ വളപ്പില്‍ നടന്ന ഒരു വിദ്യാർത്ഥി റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ തടഞ്ഞില്ല എന്ന കുറ്റം ചുമത്തി കനയ്യ കുമറിനെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തതോടെയാണ് അദ്ദേഹം അന്താരാഷ്ട്ര വാര്‍ത്തകളില്‍ വരെ ഇടം നേടിയത്. ലോക പ്രസിദ്ധ സര്‍വ്വകലാശാലകളായ യെൽ, ലണ്ടനിലെ സോആസ്, കേംബ്രിഡ്ജ് , ചിക്കാഗോ തുടങ്ങി നിരവധി ഇടങ്ങളിലെ പണ്ഡിതരും വിദ്യാർത്ഥികളും കനയ്യ കുമാറിനെ ദേശദ്രോഹവകുപ്പുകൾ ചേർത്ത് തടവിലാക്കിയതിനെ വിമർശിച്ച് പ്രസ്താവന ഇറക്കുകയുണ്ടായി. ബിജെപിയെ ഞെട്ടിക്കുന്ന പൊട്ടിത്തെറി ഉണ്ടായത് ജവഹര്‍ലാല്‍ സര്‍വ്വകലാശാലയുടെ ഉള്ളില്‍ തന്നെയാണ്. കനയ്യയുടെ പേരിലുള്ള കേസുകള്‍ വ്യാജമായി ചമച്ചതാണെന്നും വിദ്യാർത്ഥിസമൂഹത്തിനെതിരെ നിലകൊള്ളുന്ന സർക്കാരിനൊപ്പം നിൽക്കാനാവില്ലെന്നും പ്രഖ്യാപിച്ച് ജെഎന്‍യുവിലെ മൂന്ന് എ ബി വി പി ഭാരവാഹികൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു. ഇന്ത്യയാകെ കക്ഷിവ്യത്യാസമില്ലാതെ നേതാക്കള്‍ കനയ്യയ്ക്കു വേണ്ടി രംഗത്തുവന്നു.
അതേസമയം, അസഹിഷ്ണുതയുടെ പ്രതിരൂപമായി മാറിയ സംഘപരിവാര്‍ സമൂഹം പൈശാചികമായ രീതിയിലാണ് കനയ്യയോട് പെരുമാറിയത്. അദ്ദേഹത്തെ കയ്യേറ്റം ചെയ്യുക വരെയുണ്ടായി. കനയ്യയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ബിജെപി നിയമസഭാംഗം ഒ പി ശർമയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. പോലീസ് നോക്കി നിൽക്കെത്തന്നെ മർദിക്കുകയും വലിച്ചിഴച്ച് നിലത്തിട്ടു ചവിട്ടുകയും ചെയ്തു. പിന്നീട്, കനയ്യ കുമാർ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവില്ലെന്ന് പൊലീസിന് കോടതിയിൽ സമ്മതിക്കേണ്ടിവന്നു. തങ്ങള്‍ ആദ്യം ഹാജരാക്കിയ തെളിവുകള്‍ എഡിറ്റ് ചെയ്തതാണെന്ന് പിന്നീടാണ് മനസ്സിലായതെന്നാണ് അതിനെക്കുറിച്ച് ഡല്‍ഹി പൊലീസ് പ്രതികരിച്ചത്. കോടതി ഈ വിഷയത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
കള്ളക്കേസുകള്‍ മാത്രമല്ല കൊലവിളികളും കനയ്യയുടെ പിന്നാലെ ഉണ്ടായിരുന്നു. കനയ്യയെ വധിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പോസ്റ്റരുകള്‍ ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടു. കനയ്യയുടെ നാവ് അറുക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനവുമായി ഉത്തർപ്രദേശ് യുവമോർച്ച പ്രസിഡണ്ട് രംഗത്തെത്തി. കനയ്യ കുമാറിൻെറ തലയറുക്കുന്നവർക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത് പൂർവാഞ്ചൽ സേനാ പ്രസിഡന്റാണ്. 2016 മാർച്ച് മാസത്തില്‍ കനയ്യ കാമ്പസ്സിനകത്തു വച്ച് ആക്രമിക്കപ്പെട്ടു. മോദിക്കതിരെ സംസാരിക്കുന്ന കനയ്യയെ വെടിവച്ചു കൊല്ലുമെന്ന ഭീഷണി നിരവധി തവണ ഉയര്‍ന്നു. ഹിന്ദുത്വ ഫാസിസത്തിനെതിരെ കമ്യൂണിസ്റ്റ് -ദളിത് സഖ്യത്തിന് ആഹ്വാനം ചെയ്യുന്ന കനയ്യയെ ഫാസിസ്റ്റ് ശക്തികള്‍ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. അത സമയം, ഓരോ ആക്രമണത്തിനുശേഷവും ജ്വലിക്കുന്ന സൂര്യനായി പ്രക്ഷോഭവേദികളില്‍ കനയ്യ ഉദിച്ചുയര്‍ന്നു. ഇന്ത്യയാകെ കനയ്യയെ കാണാന്‍ ജനങ്ങള്‍ കാത്തുനിന്നു.
എന്തായാലും, കനയ്യകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിപക്ഷത്തിനും ഇടതുപക്ഷത്തിനും ബീഹാറില്‍ വലിയ ഊര്‍ജ്ജം പകരുന്നതാകുമെന്നതില്‍ സംശയമില്ല. കര്‍ഷക മുന്നേറ്റങ്ങള്‍ മഹാരാഷ്ട്രയിലും രാജസ്ഥാനിലും സൃഷ്ടിച്ച ഇടതുപക്ഷ വളര്‍ച്ചയുടെ മറ്റൊരു മുഖമാകും ബീഹാറില്‍ രൂപം കൊള്ളുക.
കനയ്യ സ്ഥാനാര്‍ത്ഥിയായാല്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍ സി പി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുടെ വിശാലസഖ്യം കനയ്യയെ പിന്തുണയ്ക്കുമെന്നാണ് ഇപ്പോഴുള്ള സൂചന.
കള്ളനും കൊള്ളക്കാരനും അടക്കിവാഴുന്ന വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കനയ്യകുമാറിനെ പോലുള്ള വിദ്യാസമ്പന്നരും ശക്തരുമായ യുവാക്കള്‍ കടന്നുവരുന്നതിനെ എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഇന്ത്യയുടെ ഭാവി ആഗ്രഹിക്കുന്നവര്‍ സ്വാഗതം ചെയ്യാതിരിക്കില്ല.
https://www.facebook.com/Malayalivartha

























