നീ തിരിച്ചു പോടാ കാശ്മീരിലേക്ക് ; അവിടെ ചെയ്താല്‍ മതി മാധ്യമപ്രവര്‍ത്തനം’; പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പൂനെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനം

കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ കശ്മീരികൾ ആക്രമിക്കപ്പെടുന്നത് തുടർക്കഥയാവുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കശ്മീര്‍ സ്വദേശിയായ ടൈംസ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകനും ആക്രമിക്കപെട്ടിരിക്കുകയാണ്.
പൂനെയില്‍ ടൈംസ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകനായ ജിബ്രാന്‍ നാസിര്‍ ധര്‍ ആണ് ആക്രമിക്കപ്പെട്ടത്. ട്രാഫിക് സിഗ്നലില്‍വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ‘തിരിച്ചുപോടാ കശ്മീരി’ എന്നാക്രോശിച്ചുകൊണ്ട് രണ്ടുപേര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.10.45 ഓടെയാണ് പൂനെ തിലക് റോഡില്‍ നാസിര്‍ ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അതിൽ ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു . അറസ്റ്റിലായ അക്രമി പൊലീസ് സ്റ്റേഷനില്‍വെച്ച് തന്നോട് മാപ്പു പറഞ്ഞതായി നാസിര്‍ പറഞ്ഞു.
ജോലി കഴിഞ്ഞു വീട്ടിലേക്കു പോകവേ രാത്രി ബൈക്ക് ട്രാഫിക് സിഗ്നലിനു സമീപം നിര്‍ത്തിയിട്ടപ്പോള്‍ പിറകില്‍ മോട്ടോര്‍ ബൈക്കിലെത്തിയ ഇവര്‍ നീങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് തര്‍ക്കത്തിനു വഴിവെച്ചത്.
മോട്ടോര്‍ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഹിമാചല്‍ പ്രദേശിലേതാണെന്നു മനസിലാക്കിയ ഇവര്‍ നിങ്ങളെ ഹിമാചല്‍ പ്രദേശിലേക്ക് അയക്കുമെന്നു പറഞ്ഞു. ഇതുകേട്ട നാസിര്‍ താന്‍ കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞതോടെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ‘നിങ്ങളെ കശ്മീരിലേക്ക് തിരികെയയക്കും, അവിടെ ചെയ്താല്‍ മതി മാധ്യമപ്രവര്‍ത്തനം’ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























