പെണ്‍കുട്ടികളുടെ ആരോഗ്യസുരക്ഷയ്ക്കായി ആശാകിരണ്‍ പോളിസി... 18 വയസ്സ് മുതല്‍ 65 വയസ്സുവരെയാണ് ചേരാനുള്ള പ്രായ പരിധി

ഇന്ത്യയിലെ പൊതുമേഖലാ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയാണ് ആശ കിരണ്‍. 18 വയസ്സ് മുതല്‍ 65 വയസ്സുവരെയാണ് ചേരാനുള്ള പ്രായ പരിധി. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി 25 വയസ്സുവരെയാണ് മാത്രമല്ല മാതാപിതാക്കളെ ആശ്രയിച്ച് ജീവിക്കുന്നവരായിരിക്കണമെന്നും കമ്പനി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതൊരു ഫാമിലി ഫ്‌ളോട്ടര്‍ മെഡിക്ലെയിം പോളിസിയാണ്. ഇന്‍ഷുര്‍ ചെയ്യുന്ന തുക രണ്ട്/മൂന്ന്/അഞ്ച്/എട്ട് ലക്ഷം തുകയാണ്. ഇവ ഒരോ കുടുംബത്തിന്റെയും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. 50 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെഡിക്കല്‍ പരിശോധന കൂടാതെ തന്നെ പോളിസിയില്‍ ചേരാം.
കുടുംബാഗങ്ങളുടെ എണ്ണം, പ്രായം ഇന്‍ഷൂര്‍ ചെയ്യുന്ന തുക എന്നിവ അനുസരിച്ചായിരിക്കും പ്രീമിയം തുക കണക്കാക്കുന്നത്. ഒരു കുടുംബത്തിലെ പരമാവധി നാല് പേര്‍ക്കാണ് ഈ പോളിസിയില്‍ ചേരാനാവുന്നത്.(അതായത് ഗൃഹനാഥന്‍/ഭാര്യ, രണ്ട് പെണ്‍കുട്ടികള്‍) ഇതില്‍ ഗൃഹനാഥനും, ഭാര്യയ്ക്കും മെഡിക്ലെയിം പോളിസിക്ക് പുറമെ അപകട ഇന്‍ഷൂറന്‍സ് സംരക്ഷണവും ഇന്‍ഷൂര്‍ ചെയ്ത തുകവരെ ലഭിക്കും.
സാധാരണ പോളിസിയില്‍ കവര്‍ ചെയ്യുന്ന ആശുപതി, റൂം വാടക, ഐ.സി.യു ചാര്‍ജ്, തിയറ്റര്‍ ചാര്‍ജ്, രോഗ നിര്‍ണയ മാര്‍ഗങ്ങള്‍ക്കുളള ചെലവുകള്‍, മരുന്നുകള്‍ക്കുളള ചെലവ്, ഓര്‍ഗന്‍ മാറ്റിവെയ്ക്കാനുള്ള ചെലവ് എന്നിവയെല്ലാം ഈ പോളിസിയില്‍ കവര്‍ ചെയ്യുന്നുണ്ട്.കൂടാതെ ഇന്‍ഷൂര്‍ ചെയ്യുന്ന തുകയുടെ 10 ശതമാനം തുക തിമിരശാസ്ത്രക്രിയ്ക്കും നല്‍കുന്നുണ്ട്.
അപകട ഇന്‍ഷൂറന്‍സില്‍ അപകടമരണം, സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം മുതലായ റിസ്‌കുകളും കവര്‍ ചെയ്യും. ഇതുകൂടാതെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ദിവങ്ങളില്‍ ഇന്‍ഷൂര്‍ ചെയ്തതുകയുടെ 0.1 ശതമാനം തുക ആശുപ്രതി പ്രതിദിന ബത്ത നല്‍കുന്ന പോളിസിയാണിത്.
മാരകരോഗങ്ങള്‍ പിടിപെട്ടാല്‍ ഇന്‍ഷൂര്‍ ചെയ്ത തുകയുടെ 10 ശതമാനം അധികവും ഈ പോളിസി വഴി ലഭിക്കും. മറ്റു പോളിസികളെ പോലെ തന്നെ ചേര്‍ന്ന് ആദ്യത്തെ 30 ദിവസം ചികിത്സാചെലവ് ലഭ്യമാവുകയില്ല.
കൂടാതെ, നിലവിലുള്ള അസുഖങ്ങള്‍ക്ക് (കഴിഞ്ഞ 48 മാസത്തിനുളളില്‍ വന്ന രോഗങ്ങള്‍) നാല് വര്‍ഷം കഴിഞ്ഞ ശേഷമേ ചികിത്സാ ചെലവ് നല്‍കൂ. അതായത് ഒന്നും, രണ്ടും, മൂന്നും വര്‍ഷങ്ങളില്‍ ലഭ്യമല്ലാത്ത അസുഖങ്ങളും ഇതിനു പുറമെ ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha

























