മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന അറുമുഖസ്വാമി കമ്മീഷന്‍ റദ്ദാക്കണമെന്ന അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം കോടതി തള്ളി

മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രി അധികൃതര്‍ ഇപ്പോഴും ഭയക്കുന്നതെന്തിന്? മരണ കാരണം അന്വേഷിക്കാന്‍ നിയമിച്ച അറുമുഖസ്വാമി കമ്മീഷന്‍ പിരിച്ച് വിടണമെന്ന് അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ജയലളിതയുടെ തോഴിയും എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ശശികലയ്ക്ക് മരണത്തില്‍ പങ്കുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് കമ്മീഷനെ നിയമിച്ചത്. തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് ജയലളിതയ്ക്ക് മോശം ചികിത്സ് ലഭ്യമായതെന്ന് അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു.
ഈ ആരോപണം ആശുപത്രിയുടെ റെപ്യൂട്ടേഷനെ ബാധിച്ചെന്നും അതിനാല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പോളോ അധികൃതര്‍ കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതരുടെ വാദങ്ങളൊന്നും കമ്മീഷനെ പിരിച്ചുവിടാന്‍ തക്ക രീതിയിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. രാമ മോഹന റാവു തെറ്റായ തെളിവുകള്‍ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അതിനാല്‍ അന്വേഷണ കമ്മീഷനെ എങ്ങനെയും തെറിപ്പിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നുണ്ട്. മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.
രോഗം കൂടിയതിനെ തുടര്‍ന്ന് ജയലളിതയെ ലണ്ടനില്‍ ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തെ ചീഫ് സെക്രട്ടറി എതിര്‍ത്തെന്നും അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിത കിടന്ന മുറിയുടെ ഭാഗത്തെ സിസിടിവി ക്യാമറകള്‍ ം സ്വിച്ച്ഓഫ് ചെയ്തതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ ആദ്യം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഐസിയു, സിസിയു, ആശുപത്രിയിലെ ചികിത്സാ മുറികള്‍ എന്നിവിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാതിരുന്നത് രാജ്യാന്തര ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. അതേസമയം ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും സുരക്ഷയെ കരുതി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സത്യവാങ്മുലത്തില്‍ വ്യക്തമാക്കിയിരുന്നു.
ജയലളിത ആശുപത്രിയില്‍ അഡ്മിറ്റ് ആയശേഷം 2016 സെപ്റ്റംബര്‍ 23ന് ആദ്യത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയതിനെ ജയലളിത എതിര്‍ത്തിരുന്നു. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കാത്ത വിധത്തില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കണമെന്നാണ് ജയലളിത ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി, രാമ മോഹന റാവു, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗീകരിച്ചതിന് ശേഷമാണ് പുറത്തുവിട്ടതെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പല കാര്യങ്ങളിലും ഇപ്പോഴും സംശയങ്ങള്‍ ബാക്കിയുണ്ട്. 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം 2016 ഡിസംബര്‍ അഞ്ചിനാണു ജയലളിത അന്തരിച്ചത്.
https://www.facebook.com/Malayalivartha

























