കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് കയറിപ്പറ്റാനൊരുങ്ങി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വിവാദ ബിസിനസ് കാരനുമായ റോബര്‍ട്ട് വാദ്ര; കോണ്‍ഗ്രസിന് പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മുന്നറിയിപ്പ്

മനുഷ്യരല്ലേ, വെറുപ്പിക്കണ്ടെന്നു കരുതി അല്‍പ്പം സ്നേഹം കാണിച്ചതു പുലിവാലായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അണികള്‍ക്ക്. ആ സ്നേഹം വന്ന വിടവിലൂടെ കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് കയറിപ്പറ്റാനൊരുങ്ങുകയാണ് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വിവാദ ബിസിനസ് കാരനുമായ റോബര്‍ട്ട് വാദ്ര.
പ്രിയങ്കാ ഗാന്ധിയെ മിനിമം കോണ്‍ഗ്രസുകാര്‍ക്കെങ്കിലും ഇഷ്ടമാണെന്നു വയ്ക്കാം. അവര്‍ ഇന്ദിരാ ഗാന്ധിയെപ്പോലെ ഇരിക്കുന്നതുകൊണ്ടോ ഗാന്ധി കുടുംബത്തില്‍നിന്നു വരുന്നതുകൊണ്ടുമൊക്കെയായിരിക്കാം അത്. പക്ഷേ, ഈ റോബര്‍ട്ട് വാദ്ര എന്തുകണ്ടിട്ടാണ് എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
താന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് സൂചന നല്‍കിറോബര്‍ട്ട വാദ്ര ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. ജനസേവനം തന്നെ വല്ലാതാകർഷിച്ചു, ഇനി ജനസേവകനാകാതിരക്കാന്‍ വയ്യ എന്ന തരത്തിലാണ് വാദ്ര കഴിഞ്ഞ ദിവസം കുറിച്ചിട്ട പോസ്റ്റ്.
"ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ ഞാന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരികയാണെങ്കില്‍ എനിക്ക് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. പിന്നെ എന്തുകൊണ്ട് ആയിക്കൂടാ? പക്ഷേ, അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് യുപി പോലുള്ള ഇടങ്ങളില്‍ പോകുമ്പോള്‍, ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും കൂടുതലായി ചെയ്യണമെന്നും എന്നെക്കൊണ്ടാവുന്ന വിധം ചെറിയ മാറ്റങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാക്കാന്‍ കഴിയണമെന്നും തോന്നാറുണ്ട്. നിര്‍വ്യാജമായ സ്‌നേഹവും ബഹുമാനവുമാണ് ഇവിടങ്ങളില്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരം അനുഭവപാഠങ്ങളൊന്നും തന്നെ പാഴായി പോകരുത് എന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ അത് പ്രചോദനമാകണം. ഈ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം മാറിയാല്‍ ജനങ്ങളെ സേവിക്കാന്‍ കഴിയുന്ന കൂടുതല്‍ വലിയ ഉത്തരവാദിത്തങ്ങളിലേയ്ക്ക് ഞാന്‍ നീങ്ങണമെന്നാണ് എനിക്ക് തോന്നുന്നത് .”
ഇതാണ് റോബര്‍ട്ട് വാദ്രേയുടെ കുറിപ്പ്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്കുതന്നെ കുരിശാകാവുന്ന നിരവധി മോഹങ്ങള്‍ വാദ്രേ ഈ കുറിപ്പില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ് എന്ന വാചകം പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിനുള്ള പുറപ്പാടായിരിക്കാം എന്നാണ് പലരും കരുതുന്നത്. ഇങ്ങനെയൊക്കെ തോന്നാന്‍ മാത്രം വാദ്രെയെ സ്നേഹിച്ച ഉത്തര്‍പ്രദേശിലെ ജനങ്ങളെ ആണ് ഇപ്പോള്‍ ആളുകള്‍ കുറ്റം പറയുന്നത്.
രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെപ്പോലുള്ള പാവങ്ങളുടെ കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും അന്വേഷിക്കുന്നതുമെന്ന വാദ്രെയുടെ നിരീക്ഷണം ഗാന്ധിജിയുടെ പാര്‍ട്ടി നയിക്കാനുള്ള തന്റെ യോഗ്യതയായി വാദ്രെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നാണ് പലരും നിരീക്ഷിക്കുന്നത്.
കഴിഞ്ഞ രണ്ട് യുപിഐ സര്‍ക്കാരുകളുടെ കാലത്തും രാഷ്ട്രീയത്തിനു വെളിയിലായിരുന്നിട്ടുകൂടി വാദ്രെ കാട്ടിക്കൂട്ടിയ രാഷ്ട്രസേവനങ്ങള്‍ ആളുകള്‍ മറന്നിട്ടുണ്ടാകില്ല. പൊതുഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഭൂമികള്‍ തട്ടിയെടുക്കുന്നതിലും വന്‍തോതില്‍ കള്ളപ്പണം വിദേശത്തേക്കു കടത്തുന്നതിലും അദ്ദേഹം പുലര്‍ത്തിയതായി പറയപ്പെടുന്ന സൂക്ഷ്മതയും വൈദഗ്ദ്ധ്യവും ഇന്നും കോണ്‍ഗ്രസിനു മറക്കാനാകാത്ത തലവേദനയാണ്. അതിന്റെ കൂടി ഭാഗമാണ് അഞ്ചുവര്‍ഷം പ്രതിപക്ഷസ്ഥാനത്തിനു പോലും അര്‍ഹതയില്ലാത്തവിധം പാര്‍ട്ടിയെ ശോഷിപ്പിച്ചത്. വീണ്ടും വല്ലവിധേനയും അധികാരത്തോട് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് വാദ്രെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൂടി നേടി രാജ്യം ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
മകളെ വിവാഹം കഴിച്ചുകൊടുത്തുകൊണ്ടു മാത്രം ശല്യക്കാരനായ മരുമകനെ ഒരു അമ്മായിഅമ്മ എത്രനാള്‍ സഹിക്കും എന്നു നോക്കിയിരിക്കുകയാണ് കുടുംബത്തില്‍ വിശ്വസിക്കുന്ന ഇന്ത്യാക്കാരാകമാനം.
പ്രിയങ്കയുടെ രാഷ്ട്രീയപ്രേവേശനം ഇത്രനാള്‍ താമസിപ്പിച്ചതിന് വാദ്രെയുടെ പണമുണ്ടാക്കല്‍ വിദ്യകള്‍ നാട്ടില്‍ പാട്ടായത് വലിയ അളവുവരെ കാരണമായിട്ടുണ്ട്. ഗത്യന്തരമില്ലാതെയായ കോണ്‍ഗ്രസ് ഇത്തവണ രണ്ടുംകല്പിച്ച് പ്രിയങ്കയെ കളത്തിലിറക്കിയെങ്കിലും വാദ്രെയ്ക്കതിരെയുള്ള കേസുകള്‍ ഒപ്പം തന്നെ ബിജെപിയും എടുത്തു പുറത്തിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്കഗാന്ധിയുടെ സജീവരാഷ്ട്രീയ രംഗപ്രവേശത്തിന് പിന്നാലെ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാതിലുകള്‍ കയറി ഇറങ്ങുന്ന സ്ഥിതിയുണ്ടായി. അവിടെയൊക്കെ ഉത്തമഭാര്യയായി പ്രിയങ്ക അനുഗമിച്ചത് വലിയ വാര്‍ത്തയാവുകയും കോണ്‍ഗ്രസിനു ഭാരമാവുകയും ചെയ്തിട്ടുണ്ട്. പ്രിയങ്കയ്ക്ക് രാജ്യത്തേക്കാള്‍ വലുത് ഭര്‍ത്താവാണെങ്കില്‍ ഇന്ത്യയെ വലിയ അപകടമാണ് കാത്തിരിക്കുന്നതെന്ന് കരുതുന്നവരുണ്ട്.
താന്‍ നടത്തിയ കുറ്റങ്ങളെ സംബന്ധിച്ച ചോദ്യം ചെയ്യലുകളില്‍നിന്നു രക്ഷപെടാനാണ് വാദ്രെ രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നതെന്ന ആരോപണം ശരിയാണെങ്കില്‍ അതു രാജ്യത്തിനും കോണ്‍ഗ്രസിനും ഗുണകരമായ കീഴ്വവഴക്കമായിരിക്കില്ല എന്ന അഭിപ്രായം കക്ഷിവ്യത്യാസങ്ങളില്ലാതെ ഉയര്‍ന്നുവന്നിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ അതു മനസ്സിലാക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസികളും കരുതുന്നത്.
https://www.facebook.com/Malayalivartha























