ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച് ബിജെപി ശിവസേന സഖ്യം, കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനാകട്ടെ കനത്ത പരാജയവും

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച് ബിജെപി ശിവസേന സഖ്യം. പാല്‍ഘര്‍ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 ല്‍ 21 സീറ്റുകളും സഖ്യം നേടി. പത്തൊന്‍പത് സീറ്റില്‍ മത്സരിച്ച ശിവസേന പതിനാല് സീറ്റുകളില്‍ വിജയിച്ചു. ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ബിജെപി ഏഴുസീറ്റുകളില്‍ വിജയം നേടി.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് എന്‍സിപി സഖ്യം കനത്ത പരാജയമാണ് നേരിട്ടത്. എന്‍.സി.പി രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് പൂജ്യത്തിലൊതുങ്ങി. ശിവസേനയില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരില്‍ അഞ്ചു പേര്‍ വിജയിച്ചു.
മഹാരാഷ്ട്രയില്‍ ഇരു പാര്‍ട്ടികളും സഖ്യമായി ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചതിനു ശേഷമായിരുന്നു പാല്‍ഘര്‍ തെരഞ്ഞെടുപ്പ്. ഇടക്കാലത്ത് നിയമസഭയുള്‍പ്പെടെ പലതെരഞ്ഞെടുപ്പുകളിലും പരസ്പരം മത്സരിച്ച ഇരുപാര്‍ട്ടികളും വീണ്ടും സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചത് ഈയിടെയാണ്.ഈ സഖ്യത്തിന്റെ ആദ്യ കടമ്പയായിരുന്നു പാല്‍ഘര്‍.
സഖ്യത്തിനു വേണ്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും യുവസേന നേതാവ് ആദിത്യ താക്കറേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈവിട്ടു സഖ്യകക്ഷിയായ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രതീതി ഉണര്‍ത്തിയെങ്കിലും തമ്മിലുണ്ടായിരുന്ന തര്‍ക്കം മാറ്റിവച്ചു സഖ്യം ഭദ്രമായത് എന്‍ഡിഎയുടെയും ഒപ്പം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെയും രാഷ്ട്രീയ വിജയമായാണു വിലയിരുത്തപ്പെടുന്നത്. ആകെയുള്ള 48ല്‍ 42 സീറ്റുകള്‍ നേടിയാണു ബിജെപി– ശിവസേന സഖ്യം 2014ല്‍ മഹാരാഷ്ട്രയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. ബിജെപി 23, ശിവസേന 18 സീറ്റുകളാണ് അന്നു നേടിത്. എന്നാല്‍ തൊട്ടുപിന്നാലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം പിളര്‍ന്നു. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരായി സേന മാറുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. ശിവസേനയുടെ വിമര്‍ശനങ്ങളോട് ബിജെപി ശക്തമായി പ്രതികരിച്ചിരുന്നില്ല. പലതവണ സേനയുമായി ചര്‍ച്ചക്കു ശ്രമം നടത്തുകയും ചെയ്തിരുന്നു. അങ്ങനെ ഇരുവഴി നിന്നിടത്തു നിന്നാണു പിണക്കങ്ങളെല്ലാം മറന്ന് ഇരുപാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാന്‍ തീരുമാനിക്കുന്നത്.
ഇതൊക്കെയാണെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഇത്തവണ എതിര്‍പ്പ് ഏറെ നേരിടേണ്ടി വരുമെന്നാണ് സൂചന. വന്‍ വ്യവസായങ്ങളും സാമ്പത്തിക ഇടപാടുകളും നടക്കുന്ന സംസ്ഥാനത്തു നോട്ട് നിരോധനത്തെ തുടര്‍ന്നു കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. കര്‍ഷക രോഷം ഏറ്റവും കൂടുതല്‍ അലയടിച്ച സംസ്ഥാനമായി മഹാരാഷ്ട്ര മാറുന്ന കാഴ്ചയും പിന്നീടു കണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഒരുലക്ഷത്തില്‍പ്പരം കര്‍ഷകരാണു പ്രതിഷേധ സമരവുമായി നിരത്തിലിറങ്ങിയത്. ഈ സാഹചര്യത്തില്‍ ശിവസേനയുമായി ഇടഞ്ഞു നില്‍ക്കുന്നത് ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കുമെന്ന തിരിച്ചറിവിലാണ് എന്തുവില കൊടുത്തും ശിവസേനയുമായി ഒത്തുതീര്‍പ്പിനു ബിജെപി തയാറായതും.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരിട്ടു മുംബൈയിലെത്തി ശിവസേന തലവന്‍ ഉദ്ദവ് താക്കറെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശിവസേനയുടെ മനസു മാറിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ മധ്യസ്ഥ ശ്രമങ്ങളും ഫലം കണ്ടതും ശത്രുപക്ഷത്തു നിന്ന ശിവസേനയെ കയ്യിലെടുക്കാന്‍ ബിജെപിക്കു സഹായകമായി. ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും ആണു മത്സരിക്കുന്നത്. ഒറ്റയ്ക്കു മത്സരിച്ചാല്‍ കോണ്‍ഗ്രസ്– എന്‍സിപി സഖ്യം നിശ്ചയമായും കൂടുതല്‍ സീറ്റു നേടുമെന്നും ബിജെപിക്കും ശിവസേനക്കും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നുമുള്ള തിരിച്ചറിവു തന്നെയാണു സഖ്യത്തിലേക്കു നയിച്ചത്.
വരുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തുല്യമായി സീറ്റ് പങ്കിടാനും രണ്ടര വര്‍ഷം കൂടുമ്പോള്‍ മുഖ്യമന്ത്രി വച്ചു മാറാനും ധാരണയായിട്ടുണ്ട്. ജാതി വ്യവസ്ഥയും മുതലാളിത്ത സമ്പദ്രായവും കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളും ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ആ സാഹചര്യത്തില്‍ ഏതു വ്യവസ്ഥകള്‍ അംഗീകരിച്ചും ശിവസേനയെ അനുനയിപ്പിക്കുന്ന നിലപാട് ബിജെപി സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha





















