രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പകരം വടകരയോ, കാസര്‍കോഡോ സിദ്ദിഖിന് നല്‍കണമെന്നാവശ്യവുമായി സമസ്ത; ആകെ കുഴഞ്ഞ് കോണ്‍ഗ്രസ്

മുസ്ലീംവിഭാഗത്തിന്റെ നിലപാടും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വപ്രഖ്യാപനത്തിന് പാരയാകുന്നു. യു.ഡി.എഫിന്റെ വോട്ടുബാങ്കായ മുസ്ലീംവിഭാഗത്തിലെ സമസ്ത വയനാട് സീറ്റ് സംബന്ധിച്ച് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വയനാട് സീറ്റില്‍ നിന്നും ടി. സിദ്ദിഖിനെ മാറ്റുകയാണെങ്കില്‍ മറ്റേതെങ്കിലുമൊരു സീറ്റ് മുസ്ലീം വിഭാഗത്തിന് നല്‍കണമെന്ന് യു.ഡി.എഫിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കുന്ന മുസ്ലീംവിഭാഗത്തിലെ സമസ്ത ആവശ്യപ്പെട്ടുകഴിഞ്ഞു. ഇത് ലീഗ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വല്ലാത്ത ആശയക്കുഴപ്പവുമുണ്ടാക്കിയിട്ടുണ്ട്. വയനാട് പോയാല്‍ വടകര വേണം എന്നതാണ് സമസ്തയുടെ നിലപാട്.
മുസ്ലീംസുമദായത്തില്‍ ഇ.കെ. സുന്നിവിഭാഗം ഉള്‍ക്കൊള്ളുന്നതാണ് യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്ലീംലീഗിന്റെ വോട്ടുബാങ്ക്. അവരുടെ സുപ്രധാനമായ ബോഡിയാണ് സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ. ഇ.കെ. സുന്നിവിഭാഗത്തിലെ പണ്ഡിതരുടെ കൂട്ടായ്മയാണ് സമസ്ത. ഇവരാണ് ഈ വിഭാഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത്.
ഇക്കുറി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് മുസ്ലീംവിഭാഗത്തെ തഴഞ്ഞുവെന്നാണ് സമ്‌സതയുടെ പ്രധാനപ്പെട്ട ആരോപണം. ജനസംഖ്യയില്‍ 27% വരുന്ന മുസ്ലീംവിഭാഗത്തിന് രണ്ടു സ്ഥാനാര്‍ത്ഥികളെ മാത്രമേ കോണ്‍ഗ്രസ് നല്‍കിയുള്ളുവെന്നാണ് സമസ്തയുടെ പരാതി.
തങ്ങളെക്കാളും ജനസംഖ്യ കുറഞ്ഞ സമുദായങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയെന്നും അവര്‍ക്ക് പരാതിയുണ്ട്. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുക തന്നെയാണ് സമസ്തയും. എന്നാല്‍ അതിന്റെ പേരില്‍ മുസ്ലീംസമുദായത്തെ തഴയാനാവില്ലെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാഹുലിന് വേണ്ടി സ്വയം ഒഴിഞ്ഞുകൊടുത്ത ടി. സിദ്ദിഖിനെ മറ്റൊരു അനുയോജ്യമായ സീറ്റ് നല്‍കണമെന്നാണ് അവരുടെ ആവശ്യം.
വടകര സീറ്റ് മുന്നില്‍ കണ്ടാണ് ഈ ആവശ്യം അവര്‍ മുന്നോട്ടുവയ്ക്കുന്നത്. നേരത്തെതന്നെ വടകരയിലേക്ക് സിദ്ദിഖിനെ പരിഗണിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് വയനാട് നല്‍കി അതില്‍ നിന്നും മാറ്റുകയായിരുന്നു. ഇപ്പോള്‍ വയനാട് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി മാറികൊടുക്കുമ്പോള്‍ സിദ്ദിഖിന് വടകര നല്‍കണമെന്നാണ് നിലപാട്. അല്ലെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ മാറ്റിയിട്ട് കാസര്‍കോഡ് കൊടുക്കേണ്ടിവരും എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. ഇല്ലെങ്കില്‍ നിലപാട് കടുപ്പിക്കാനാണ് അവരുടെ തീരുമാനം. എന്നാല്‍ വടകരയിലോ കാസര്‍കോഡിലോ ഇനി സ്ഥാനാര്‍ത്ഥി മാറ്റമുണ്ടായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതവും കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്.
വടകരയില്‍ നിന്നും മുരളിയെ പിന്‍വലിച്ചാല്‍ അത് സംസ്ഥാനത്താകെ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകും. ഉണ്ണിത്താനെ കാസര്‍കോഡ് നിന്ന് പിന്‍വലിക്കുകയാണെങ്കിലുണ്ടാകുന്ന കോട്ടം പറഞ്ഞറിയിക്കാനും കഴിയില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന ഭീഷണിയുയര്‍ത്തിയാണ് അവസാനനിമിഷം ഉണ്ണിത്താന്‍ കാസര്‍കോഡ് സീറ്റ് തരപ്പെടുത്തിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ പാട്ട്. അങ്ങനെയുള്ള വ്യക്തിയെ മാറ്റിയാല്‍ അത് വലിയ തിരിച്ചടിയാകും. ഉണ്ണിത്താനെപ്പോലെ നാവിന് ലൈസന്‍സില്ലാത്ത ഒരു വ്യക്തികൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന നാശം ചിന്തിക്കാനുമാവില്ല. 2004ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നാവാണ് കോണ്‍ഗ്രസിനെയും യു.ഡി.എഫിനേയും കേരളത്തില്‍ തകര്‍ത്തെറിഞ്ഞത്.
അതേസമയം സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതിലും ഭീകരമായിരിക്കും. രാഹുല്‍ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്ത മുസ്ലീംലീഗ് ഉള്‍പ്പെടെ ഇപ്പോള്‍ ആശങ്കയിലാണ്. മുസ്ലീംലീഗിന്റെ രണ്ടു സ്ഥാനാര്‍ത്ഥികളുണ്ടെങ്കിലും അതിനെ കോണ്‍ഗ്രസിന്റെ പട്ടികയില്‍പ്പെടുത്താന്‍ സമസ്ത തയാറല്ല.
ആ സാഹചര്യത്തില്‍ സമസ്ത വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ തകര്‍ന്ന് തരിപ്പണമാകുകയും ചെയ്യും.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുത്തിവച്ച ന്യൂനപക്ഷപ്രീണന മുന്നണി എന്ന പ്രതിച്ഛായ മാറ്റിമറിയ്ക്കാനാണ് യു.ഡി.എഫ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇക്കുറി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ മറ്റുവിഭാഗങ്ങള്‍ക്ക് കുറച്ചുകൂടതല്‍ പ്രാതിനിധ്യം നല്‍കിയതും. ഈ ആരോപണത്തിന്റെ ഫലമായി കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷസമുദായങ്ങള്‍ മുഴുവന്‍ യു.ഡി.എഫിനെ കൈയൊഴിഞ്ഞിരുന്നു. അതു തിരിച്ചുപിടിക്കുയും ലക്ഷ്യമാക്കിയിട്ടുണ്ട്. സമസ്ത വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ഇതെല്ലാം തകരും. എന്തുവേണമെന്നറിയാതെ ആകെ കുഴങ്ങിമറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസും ലീഗും.
https://www.facebook.com/Malayalivartha





















