കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ പെയിന്റിംഗുകള്‍ ലേലത്തിന്

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ പെയിന്റിംഗുകള്‍ ലേലത്തിന്. മോദിയുടെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് പിടിച്ചെടുത്ത എണ്ണഛായാചിത്രങ്ങളാണ് ചൊവ്വാഴ്ച ലേലം ചെയ്യുന്നത്. 68 പെയിന്റിംഗുകളാണ് മോദിയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തത്. മോദി വാങ്ങിക്കൂട്ടിയതാണ് ഇവ. ഇതിനെല്ലാം കൂടി മുപ്പതു മുതല്‍ അന്പതു കോടി രൂപ വരെ ലഭിക്കുമെന്നാണ് ആദായനികുതി വകുപ്പ് കണക്കുകൂട്ടുന്നത്. മുംബൈയിലാണു ലേലം. രാജാ രവിവര്‍മ, വി.എസ്. ഗെയ്‌തൊണ്ഡെ തുടങ്ങിയ കലാകാരന്‍മാരുടെ പെയിന്റിംഗുകളും ലേലത്തില്‍ ഉള്‍പ്പെടുന്നു. ആദായനികുതി വകുപ്പ് പെയിന്റിംഗുകള്‍ ലേലം ചെയ്യുന്നത് ആദ്യത്തെ സംഭവമാണെന്ന് ലേല രംഗത്തെ വിദഗ്ധര്‍ പറയുന്നു.
സാധാരണയായി വസ്തുക്കള്‍, സ്വര്‍ണം, ലക്ഷ്വറി സാധനങ്ങള്‍ എന്നിവയാണ് ലേലം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് പെയിന്റിംഗുകള്‍ ലേലം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പ്രഫഷണല്‍ ലേലക്കാരായ സാഫ്രോണ്‍ആര്‍ട്ടിനെ സമീപിക്കുകയായിരുന്നു. ലേലത്തിനെതിരേ മോദിയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് ബുധനാഴ്ച മാത്രമാണു പരിഗണിക്കുക.
ബാങ്ക് വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. നീരവ് മോദിയെ വിട്ടുകിട്ടണെമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. ഇന്നുതന്നെ നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ യു.കെ ഇന്ത്യയ്ക്കു കൈമാറും. ഉത്തരവിനെതിരെ നീരവിന് അപ്പീല്‍ പോകാന്‍ സാധിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബ്രിട്ടനില്‍ ജോലി ചെയ്യാനും, ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താനും ആവശ്യമായ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പറും നീരവ് മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha





















