ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാനുള്ള തീരുമാനം 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ എടുത്തിരുന്നു; ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാനുള്ള തീരുമാനം 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ എടുത്തിരുന്നതായി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഒരു രാജ്യത്തിനും ഈ സാങ്കേതികവിദ്യ വില്‍ക്കാനോ കൈമാറാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകിയത്.
മിഷന്‍ ശക്തി എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമാണ്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ല എന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തെ വിമര്‍ശിച്ചവർക്കെതിരെയും പ്രതിരോധമന്ത്രി ആഞ്ഞടിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവര്‍ ഈ നേട്ടത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ബഹിരാകാശമേഖലയുടെ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയാണ്. അതിനാല്‍ ബഹിരാകാശ രംഗത്തെ സുപ്രധാനനേട്ടം അദ്ദേഹം രാജ്യത്തെ അറിയിച്ചതില്‍ എന്താണ് തെറ്റ് ? രാജ്യം ഇതൊന്നും അറിയേണ്ടേ? എന്നും മന്ത്രി ആഞ്ഞടിച്ചു.
അതേസമയം, ഇത്തരം മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി നേരത്തെ ഇന്ത്യയ്ക്കുണ്ടായിരുന്നു എന്ന വാദവും കേന്ദ്ര പ്രതിരോധമന്ത്രി അംഗീകരിച്ചു. വലുതും ചെറുതുമായ ഒട്ടേറെ ഉപഗ്രഹങ്ങള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്നും ബഹിരാകാശരംഗത്ത് ധാരാളം നേട്ടങ്ങള്‍ കൊയ്‌തിട്ടുണ്ടെന്നും ഇതൊന്നും ആരും നിഷേധിക്കുന്നില്ലെന്നുംനിർമല സീതാരാമൻ പറഞ്ഞു.
ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യ വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആന്റി സാറ്റലൈറ്റ് മിസൈൽ വിക്ഷേപണം വിജയിച്ചു. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതിൽ രാജ്യം വിജയിച്ചു. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നു മിനിറ്റിൽ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ആണിത്. ഇതു സകല ഭാരതീയർക്കും അഭിമാന നിമിഷമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി വ്യക്തമാക്കി. ഇതോടെ വിമർശനവും പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മോടിക്കുനേരെ പരിഹാസവുമായി രാഹുൽ ഗാന്ധിയും മുന്നോട്ട് വന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. ‘വെല്‍ഡണ്‍ ഡിആര്‍ഡിഒ നിങ്ങളുടെ ഉദ്യമത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ഒപ്പം പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകള്‍ നേരുകയും ചെയ്യുന്നു.’ എന്നു പറഞ്ഞാണ് രാഹുലിന്റെ പരിഹാസം.
https://www.facebook.com/Malayalivartha