'ജയ് ശ്രീ റാം വിവാദം'; മമതാ ബാനര്‍ജി സ്വന്തം ശവക്കുഴി കുഴിക്കുകയാണെന്ന് അപര്‍ണ സെന്‍

സ്വന്തം ശവക്കുഴി കുഴിക്കുകയാണ് മമതാ ബാനര്‍ജിയെന്ന് സംവിധായകയും നടിയുമായ അപര്‍ണ സെന്‍. തനിക്കെതിരെ ജയശ്രീ റാം വിളിച്ച ബിജെപി പ്രവര്‍ത്തകരോട് മമത തട്ടിക്കയറിയതും അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതും വിവാദമായതോടെ മമതക്കെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപര്‍ണ സെന്നിന്‍റെ പ്രതികരണം.
മമത പലപ്പോഴും ചിന്തിക്കാതെ പ്രതികരിക്കുന്നെന്നാണ് അപര്‍ണ സെന്‍ പറയുന്നത്. വന്‍ ഭൂരിപക്ഷത്തിലാണ് മമത അധികാരത്തിലേറിയത്. സംസ്ഥാനത്തിന് ഗുണകരമായ പല പ്രവൃത്തികളും മമത ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയും നീണ്ട കാലം മുഖ്യമന്ത്രിയായി ഇരിക്കണമെന്നാണെങ്കില്‍ ആദ്യം മമത സ്വയം നിയന്ത്രിക്കാന്‍ പഠിക്കണം. ചിന്തിച്ച് സംസാരിക്കാന്‍ മമത പഠിക്കേണ്ടതുണ്ടെന്നും അപര്‍ണ സെന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം ബംഗാളിലെ ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇനി വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത നേരിടാന്‍ പോകുന്നത് കടുത്ത പോരാട്ടമാണ്. നഗരങ്ങളിലെ മിഡില്‍ ക്ലാസ് ജനങ്ങള്‍ വരെ ബിജെപി അനുഭാവമുള്ളവരാണ് ഇപ്പോളെന്നും അപര്‍ണ സെന്‍ ഓര്‍മ്മിപ്പിച്ചു. താന്‍ ഹിന്ദുക്കളുടെ മാത്രമല്ല ക്രിസ്ത്യന്‍സിന്‍റെയും ദളിതുകളുടെയും മുസ്ലീങ്ങളുടെയും പ്രധാനമന്ത്രിയാണെന്നത് നരേന്ദ്ര മോദി ഓര്‍ക്കണമെന്നും അപര്‍ണ സെന്‍ പറഞ്ഞു. എന്‍ഡിടിവിയോടാണ് അപര്‍ണ സെന്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























