ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, വെള്ളമോ ഇല്ലെന്നു ട്രംപ്..സൗഹൃദം വേറേ കച്ചവടം വേറെ എന്ന നിലപാട് കടുപ്പിച്ച് ട്രംപ്

ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, വെള്ളമോ ഇല്ല. എന്തിന് .. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ മലിനമായ വായുവാണ് മുകളിലേക്ക് പോകുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യകാരണക്കാർ ഇന്ത്യയും ചൈനയും റഷ്യയുമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യ, ചൈന, റഷ്യ, രാജ്യക്കാർക്ക് മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധവും ഇല്ലെന്നും ട്രംപ് പറയുന്നു.
ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ട്രംപ് രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്
എലിസബത്ത് രാജ്ഞിയടക്കം പതിനഞ്ച് ലോക നേതാക്കൾ പങ്കെടുത്ത ഡി-ഡെ ലാൻഡിംങ്ങിന്റെ 75-ാം വാർഷികത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ എത്തിയതായിരുന്നു ട്രംപ്. മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ട്രംപ് മടങ്ങി. നാസി ജർമനിയുടെ പക്കൽനിന്നും ഫ്രാൻസ് ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിക്കാൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ സഖ്യരാഷ്ട്രങ്ങൾ സംയുക്തമായി 1944 ജൂൺ ഒന്നിന് ആരംഭിച്ച ബഹുമുഖ ആക്രമണമാണ് ഡി-ഡെ ലാൻഡിംങ് എന്ന പേരിൽ അറിയപ്പെടുന്നത്
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തിയ ട്രംപ് യുഎസിലാണ് എറ്റവും ശുദ്ധമായ വായുവുള്ളതെന്നു വാദിച്ചു. 2017 ൽ ആഗോള താപനം നിയന്ത്രിക്കുന്നതിനു വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിനു മുൻപും യുഎസ് പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണു കുറ്റപ്പെടുത്തിയത്.
പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു ട്രംപ് തുറന്നടിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യുഎസ് 2017-ല്‍ ഉടമ്പടിയില്‍ നിന്നു പിന്മാറിയത്.
2016 ഏപ്രില്‍ 22 നാണ് ഇന്ത്യയുള്‍പ്പടെ 174 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ശരാശരി ഭൗമതാപനില, വ്യവസായിക വിപ്ലവത്തിന് മുമ്പുള്ളതിലും രണ്ടുഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ കാക്കുക എന്നതാണ് പാരിസ് ഉടമ്പടി ലക്ഷ്യംവെയ്ക്കുന്നത്. 2020ഓടെയാണ് കരാര്‍ പ്രാബല്യത്തില്‍ വരുക. എന്നാല്‍ യുഎസിന്റെ പിന്മാറ്റം ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലോകം ഒന്നായി പ്രകൃതിയ്ക്കായി മുന്നിട്ട് ഇറങ്ങുന്ന ചരിത്രത്തിലെ തന്നെ നിര്‍ണ്ണായക സാഹചര്യത്തിലാണ് യുഎസിന്റെ പിന്മാറ്റം എന്നത് അന്ന് വലിയ ചർച്ചയായിരുന്നു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന്റെ പിറ്റേ ദിവസം തന്നെ ട്രംപ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചിരുന്നു. വ്യാപാരത്തിൽ മുന്‍ഗണന നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള നടപടിയില്‍ മാറ്റമില്ലെന്നാണ് ട്രംപ് ആവർത്തിച്ചു പറയുന്നത് . വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറൻസസ്’ (ജി.എസ്.പി) ഉടമ്പടിയുടെ ആനുകൂല്യം ജൂൺ മുതല്‍ നിര്‍ത്തലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. 1
1978ലാണ് അമേരിക്ക ഈ പദ്ധതി ആരംഭിച്ചത്. വികസ്വര രാജ്യങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. ഇന്ത്യയിൽ നിന്നു യുഎസ് ഇറക്കുമതി ചെയ്യുന്ന പല ഉത്പന്നങ്ങൾക്കും നികുതിയില്ല. എന്നാൽ, യുഎസിൽനിന്ന് ഇന്ത്യ വാങ്ങുന്ന പല ഉത്പന്നങ്ങൾക്കും 20 ശതമാനമാണു നികുതി ഈടാക്കുന്നുണ്ട് . ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു യുഎസ് നിലപാട്. ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യയിൽ നിന്നും തുല്യമായ ആനുകൂല്യം യുഎസിനു ലഭിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മോദിയും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. എന്നാൽ ഈ സൗഹൃദം വേറേ കച്ചവടം വേറെ എന്നാണു ട്രംപിന്റെ ന്യായീകരണം
https://www.facebook.com/Malayalivartha


























