വാതിലിന് താഴെ വലിയ വിള്ളലുമായി എയര്‍ഇന്ത്യ വിമാനം പറന്നു, 225 യാത്രക്കാര്‍, കടലിന് മീതെ 16 മണിക്കൂര്‍!

വാതിലിന് താഴെ വിള്ളലുമായി എയര്‍ ഇന്ത്യയുടെ വിമാനം ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോ വരെ പറന്നു. 225 യാത്രക്കാരുടെ ജീവന്‍ പന്താടിക്കൊണ്ടായിരുന്നു വിമാനം കടലിന് മുകളിലൂടെയും മറ്റും പറന്നത്. വലിയ വിടവുമായി വിമാനം പറന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. വിള്ളലും വെച്ച് തിങ്കളാഴ്ച വിമാനം 15.5 മണിക്കൂര്‍ കൊണ്ട് 15,000 കി.മീറ്ററാണ് താണ്ടിയത്. ഡോര്‍ ലീക്ക് ചെയ്തിരുന്നെങ്കില്‍ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ട് കടലിന് മീതെ പറക്കുന്ന വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷിതത്വം തന്നെ അപകടത്തില്‍ ആകുമായിരുന്നു.
കടലിന് മുകളിലൂടെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ആ വിമാനത്തില്‍ കോട്ടയംകാരനായ മലയാളിയും ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് അമല്‍ജോയി ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലേക്ക് പറന്നത്. ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് വിമാനം ഇറങ്ങുമ്പോള്‍ പോലും അറിഞ്ഞില്ല.
അധികൃതര്‍ അറിഞ്ഞുകൊണ്ടാണോ ഡല്‍ഹിയില്‍ നിന്നും വിമാനം പുറപ്പെട്ടത് എന്നത് വ്യക്തമല്ല. എന്നാല്‍ ഇത്തരം ഒരു വിള്ളല്‍ ഉള്ളതിനെക്കുറിച്ച് യാത്രയ്ക്കിടയില്‍ ആര്‍ക്കും അറിയുമായിരുന്നില്ല എന്നും ആരും പറയുക പോലും ഉണ്ടായില്ലെന്നും അമല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സുരക്ഷിതമായി അമേരിക്കയില്‍ എത്താനായതില്‍ ദൈവത്തിന് നന്ദി പറയുകയാണ് ഈ യുവാവ്.
അമേരിക്കയില്‍ എത്തിയ ശേഷം വിവരം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് എന്നാണ് ഈ 21-കാരന്‍ പറയുന്നത്. ഇതേ വിമാനത്തിലാണ് രണ്ടു മാസം കഴിഞ്ഞ് അമേരിക്കയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തേണ്ടതും. അമേരിക്കയില്‍ വിമാനമിറങ്ങിയ ശേഷം അമല്‍ പിതാവിന് മെസേജ് അയച്ചിരുന്നു. ചൊവ്വാഴ്ച അമല്‍ കോട്ടയത്ത് വീട്ടിലേക്ക് വിളിക്കുകയും പിതാവ് എ പി ജോയിയുമായി സംസാരിക്കുകയും ചെയ്തു. ഞെട്ടിപ്പോയ കുടുംബാംഗങ്ങള്‍ക്ക് മകന്റെ ഫോണ്‍കോള്‍ വലിയ ആശ്വാസമായി.
വിമാനത്തിന്റെ പാസഞ്ചര്‍ വാതിലിന് തൊട്ടു താഴെയായിരുന്നു വിടവ്.
അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് കൈവശമുള്ള അമല്‍ മധുര സര്‍വകലാശാലയില്‍ ഫിലിം ആന്റ് ഇലക്ട്രോണിക് മീഡിയയില്‍ ബി ടെക് ചെയ്യുകയാണ്. റീ-എന്‍ട്രി പെര്‍മിറ്റില്‍ ആറുമാസം കൂടുമ്പോള്‍ അമല്‍ അമേരിക്കയില്‍ പോകാറുണ്ട്. ഇത് മൂന്നാം തവണയാണ് അമല്‍ അമേരിക്കയ്ക്ക് പോകുന്നത്. എന്നാല്‍ ഇതാദ്യമാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറുന്നത്. അമലിനെ പോലെ വിമാനത്തില്‍ ഉണ്ടായിരുന്ന പല യാത്രക്കാരും വിവരം അറിഞ്ഞത് പിറ്റേന്ന് മാധ്യമങ്ങളിലൂടെയായിരുന്നു.
എയര്‍ ഇന്ത്യയുടെ 125 വിമാനങ്ങളില്‍ 76 എയര്‍ ബസ് വിമാനങ്ങളും 49 എണ്ണം ബോയിംഗ് വിമാനങ്ങളുമാണ്. ലോകത്ത് തന്നെ നോണ്‍സ്റ്റോപ്പായി ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ഒന്നാണ് എയര്‍ ഇന്ത്യയുടെ ഡല്‍ഹി - സാന്‍ഫ്രാന്‍സിസ്‌കോ വിമാനം.
പാക്കിസ്ഥാന്‍ എയര്‍ സ്‌പെയ്‌സ് നിരോധനം മൂലം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ, ഡല്‍ഹി- ന്യൂയോര്‍ക്ക്, ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ, ഡല്‍ഹി- വാഷിങ്ടന്‍, മുംബൈ- ന്യൂയോര്‍ക്ക് വിമാനങ്ങള്‍ മണിക്കൂറുകള്‍ കൂടുതല്‍ പറക്കേണ്ടി വരുന്നു.
പാക്കിസ്ഥാന്‍ എയര്‍സ്‌പെയ്‌സ് നിരോധനം മൂലം യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ജൂലൈ 31 വരെ ഒഴിവാക്കിയിരിക്കുകയാണ്. സാധാരണ ഗതിയില്‍ 16 മണിക്കൂറുകള്‍ തുടര്‍ച്ചയായി പറന്ന് 13,000 കിലോമീറ്ററുകള്‍ താണ്ടുന്ന വിമാനങ്ങള്‍ കാര്യക്ഷമമായി പരിശോധിക്കേണ്ട ഉത്തരവാദിത്വം എയര്‍ ഇന്ത്യയ്ക്കാണ്.
https://www.facebook.com/Malayalivartha


























