രാജ്നാഥ് സിംഗ് രാജിവയ്ക്കാനൊരുങ്ങിയെന്ന റിപ്പോർട്ടുകൾ തള്ളി പ്രതിരോധ മന്ത്രിയുടെ ഓഫീസ്

രാജ്നാഥ് സിംഗ് രാജിവയ്ക്കാനൊരുങ്ങിയെന്ന റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രിയുടെ ഓഫീസ് തള്ളി. നേരത്തെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രമന്ത്രിസഭയുടെ എട്ടിൽ ആറ് ഉപസമിതികളില്‍ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരുന്നു. ക്യാബിനെറ്റ് സമിതികളുടെ പ്രഖ്യാപനത്തിന് ശേഷം പ്രതിഷേധ സൂചകമായ് രാജ്‌നാഥ് സിംഗ് രാജിയ്ക്ക് ഒരുങ്ങിയതാണ് മന്ത്രിസഭാ സമിതികളുടെ പുനഃസംഘടനയിൽ കലാശിച്ചതെന്നാണ് സൂചന.
എട്ട് പ്രധാനപ്പെട്ട സമിതികളായിരുന്നു കേന്ദ്രസർക്കാർ ഇന്നലെ പുനഃസംഘടിപ്പിച്ചത്. എല്ലാ സമിതികളിലും ആഭ്യന്തരമന്ത്രി അമിത്ഷാ ഇടം പിടിച്ചപ്പോൾ രാജ്‌നാഥ് സിംഗിന് രണ്ട് സുപ്രധാന സമിതികളിൽ ഇടം ലഭിച്ചില്ല. രാഷ്ട്രിയ കാര്യ പാർലമെന്ററി കാര്യ സമിതികളിൽ നിന്നാണ് രാജ്‌നാഥ് സിംഗ് ഒഴിവാക്കപ്പെട്ടത്. നാടകീയ നീക്കങ്ങൾക്ക് സെൻ ട്രൽ സെക്രട്ടേറിയറ്റ് പിന്നീട് വേദിയായി മാറി.
മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്‍നാഥ് സിംഗിനെ ഉള്‍പ്പെടുത്തി. അമിത് ഷായെ നീക്കി പാർലമെന്‍ററി കാര്യ സമിതിയുടെ അധ്യക്ഷനായും രാജ്‍നാഥ് സിംഗിനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നീ രണ്ട് ഉപസമിതികളിൽക്കൂടി രാജ്‍നാഥ് സിംഗ് ഇപ്പോൾ അംഗമാണ്. എട്ടിൽ ആറ് സമിതികളിലും രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായ രാജ്‍നാഥ് സിംഗിന് ഇത്തവണ നൽകിയത് പ്രതിരോധവകുപ്പാണ്. മന്ത്രിസഭയിൽ പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനായ തന്നെ രാഷ്ട്രീയകാര്യസമിതിയും പാർലമെന്‍ററി കാര്യസമിതിയും പോലുള്ള സുപ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ രാജ്‍നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന. മന്ത്രിസഭയിൽ രണ്ടാമനായ ആൾ പൊതുവേ പ്രധാനമന്ത്രിയില്ലെങ്കിൽ കാബിനറ്റ്, രാഷ്ട്രീയ ഉപസമിതികളുടെ അധ്യക്ഷനാകുന്നതാണ് കീഴ്‍വഴക്കം. ഈ സാഹചര്യത്തിൽക്കൂടിയാണ് രാജ്‍നാഥ് സിംഗിനെ ഇതിൽ രണ്ടിലും ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചാ വിഷയമായത്.
https://www.facebook.com/Malayalivartha


























