'ബാലാക്കോട്ട്' ബോംബുകളുടെ ശേഖരം വ്യോമസേന വര്‍ധിപ്പിക്കുന്നു

ജയ്‌ഷെ ഭീകരരുടെ ബാലാക്കോട്ടിലെ ക്യാംപ് തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ച 'സ്‌പൈസ്' ബോംബുകളുടെ ശേഖരം വര്‍ധിപ്പിക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു. 300 കോടി രൂപ ചെലവിട്ട് ഇസ്രയേലില്‍നിന്നു നൂറിലധികം സ്‌പൈസ് ബോംബുകള്‍ (SPICE Bomb) വാങ്ങാന്‍ വ്യോമസേന കരാറൊപ്പിട്ടു. അടുത്ത മൂന്നു മാസത്തിനകം പുതിയ ബോംബുകള്‍ ഇന്ത്യയിലെത്തും.
ഫെബ്രുവരി 26-ന് ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത് സിആര്‍പിഎഫ് സൈനികര്‍ക്കു നേരെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായാണ്. അന്നു ജയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളില്‍ കനത്ത നാശം വിതയ്ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ പ്രധാനപ്പെട്ടത് സ്‌പൈസ് ബോംബുകള്‍ ആയിരുന്നു. മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിച്ചത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.
'ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്' എന്നു വിശേഷണമുള്ള സ്‌പൈസിനെ ഇന്ത്യ നാലു വര്‍ഷം മുന്‍പുതന്നെ സ്വന്തമാക്കിയിരുന്നു. സ്മാര്‍ട്ട്, പ്രിസൈസ് ഇംപാക്ട് ആന്‍ഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് 'സ്‌പൈസ്'. 60 കിലോമീറ്ററര്‍ ദൂരപരിധിയ്ക്കുള്ളില്‍
സാറ്റലൈറ്റ് ഗൈഡന്‍സിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനത്തെ കൃത്യമായി 'ലോക്ക്' ചെയ്താണ് ബോംബ് വന്നുവീഴുക. കാര്യമായ പരിപാലന ചെലവു വരില്ലെന്നത് പ്രത്യേകതയാണ്. ബോംബിന്റെ പ്രവര്‍ത്തനക്ഷമത അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പരിശോധിച്ചാല്‍ മതി.
ഒരൊറ്റ കേന്ദ്രത്തെ ലക്ഷ്യമാക്കി തുരുതുരാ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു പഴയരീതി. ഏതെങ്കിലും ഒരെണ്ണം ലക്ഷ്യസ്ഥാനം കാണും. പ്രതിരോധ വകുപ്പിന് ഏറെ നഷ്ടമുണ്ടാക്കുന്ന ഈ രീതിക്കു പരിഹാരമായാണ് സ്‌പൈസ് കിറ്റിന് ഇസ്രയേല്‍ കമ്പനി റഫായേല്‍ രൂപം നല്‍കിയത്. വന്നുവീഴുന്നയിടത്തെ ഓക്‌സിജന്‍ വലിച്ചെടുക്കുന്ന സ്‌പൈസ് ആക്രമണത്തില്‍ ശത്രുക്കള്‍ ശ്വാസം വിലങ്ങിയാണ് കൊല്ലപ്പെടുക. അന്തരീക്ഷം മേഘാവൃതമായാലും മഞ്ഞുമൂടിയാലും ഇരുട്ടായാലും കാലാവസ്ഥ മാറിയാലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കാന്‍ സ്‌പൈസ് ബോംബിനു സാധിക്കും.
https://www.facebook.com/Malayalivartha


























