ജയിലില്‍ വച്ച് മരണമടഞ്ഞ ആളുടെ മൃതദേഹത്തില്‍ നിന്ന് ഹൃദയവും തൊണ്ടയും തലച്ചോറും അപ്രത്യക്ഷം! ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനായിരുന്നു ജയിലില്‍ ഇട്ടത്!

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജയിലില്‍ തടവിലാക്കിയ ആള്‍ മൂന്നാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനായിരുന്നു പോലീസ് പിടികൂടി തടവിലാക്കിയത്. എന്നാല്‍ അമ്പരപ്പ് ഉളവാക്കുന്ന വസ്തുത, ജയിലില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹത്തില്‍ ഹൃദയവും തൊണ്ടയും തലച്ചോറും ഇല്ല എന്നതാണ്. 2018-ലാണ് സംഭവം. ഏപ്രില്‍ ഏഴിന് പെന്‍സില്‍വാനിയയിലെ ഡെലവെയറില്‍ നിന്ന് ലാന്‍സസ്റ്റര്‍ കൗണ്ടിയിലേക്ക് പോയ എവെറെറ്റ് പാമെര്‍ക്കാണ് ഈ ദുരനുഭവം.
ജയില്‍ സെല്ലിലാണ് പാമെര്‍ (41) മരിച്ചത്. എന്നാല്‍ മരണത്തിനു പിന്നിലുള്ള കാരണത്തെ കുറിച്ച് പാമെറുടെ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും ഒന്നും വ്യക്തമല്ല. മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ തൊണ്ട, ഹൃദയം, തലച്ചോര്‍ തുടങ്ങിയ അവയവങ്ങളൊന്നും കാണാനുമില്ലായിരുന്നു. മൃതദേഹം പരിശോധിക്കുന്നതിനിടെ വിദഗ്ധ പരിശോധനയ്ക്കായി അവയവങ്ങള്‍ എടുക്കുന്നത് അസാധാരണമല്ല. എന്നാല്‍ ഇത്രയും കാലമായിട്ടും അവ വിട്ടുകിട്ടാത്തതും അവ എവിടെയാണെന്ന് വ്യക്തമല്ലാത്തതും അസാധാരണ നടപടിയാണെന്നും അറ്റോര്‍ണി പറയുന്നു.
സംഭവദിവസം ന്യൂയോര്‍ക്കിലുള്ള അമ്മയെ സന്ദര്‍ശിക്കാനാണ് പാമെര്‍ യാത്രതിരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്പെന്റു ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തിയ പോലീസ് യോര്‍ക്ക് കൗണ്ടി ജയിലിലേക്ക് അയച്ചു. രണ്ടു ദിവസത്തിനു ശേഷം പാമെര്‍ ജയിലില്‍ ജീവനൊടുക്കിയെന്ന വാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്. ഭിത്തിയിലും സെല്ലിന്റെ വാതിലിലും തലയിടിച്ചു മരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.
വിട്ടുകിട്ടിയ മൃതദേഹത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ സ്വന്തംനിലയില്‍ ഒരു രോഗനിര്‍ണയ വിദഗ്ധനെ മൃതദേഹം കാണിച്ചു. ഇതോടെ ആത്മഹത്യയല്ല, കൊലപാതകമാണെന്ന സൂചനയാണ് ഡോക്ടര്‍ നല്‍കിയത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ തയ്യാറാകാത്ത പോലീസ് മരണത്തില്‍ അന്വേഷണം തടുരുകയാണെന്നും പറയുന്നു. മകനെ ആരോ അപായപ്പെടുത്തിയതാണെന്നാണ് പാമെറുടെ അമ്മ പറയുന്നത്.
മരണത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, മരണവും അവയവങ്ങള്‍ അപ്രത്യക്ഷമായതും ദുരൂഹത മാറാതെ അവശേഷിക്കുന്നു.
മൃതദേഹത്തില്‍ നിന്ന് നീക്കം ചെയ്ത ഈ അവയവങ്ങള്‍ ഇത്രയും കാലമായിട്ടും കുടുംബത്തിന് വിട്ടുനല്‍കിയിട്ടില്ലെന്ന് കുടുംബത്തിനു വേണ്ടി കേസ് നടത്തുന്ന സിവില്‍ റൈറ്റ്സ് അറ്റോര്‍ണി ലീ മെരിറ്റ് പറയുന്നു.
https://www.facebook.com/Malayalivartha


























