പെൻഷൻ കിട്ടിയ പൈസ നൽകാത്തതിൽ അമ്മായിയമ്മയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് മർദ്ദിച്ചു; ക്രൂരത പുറത്തു വന്നത് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെ

എണ്‍പതുകാരിയായ അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ. ഭര്‍തൃമാതാവായ ചാന്ദ് ഭായിയെ കാന്താദേവി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാന്താദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ നർനൗൽ മഹേന്ദ്രഘട്ട് ജില്ലയിലെ നിവാസ് നഗറിലാണ് സംഭവം.
കാന്താദേവിയുടെ അയൽവാസിയാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കാന്താദേവി, ചാന്ദ് ഭായിയെ മർദ്ദിക്കുകയും അവരുടെ മുടി പിടിച്ച് വലിക്കുന്നതിന്റേയും ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം കാന്താദേവി ഒളിവില്‍ പോയെങ്കിലും ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായമേറിയ അമ്മായിയമ്മ ഒരു ബാധ്യതയാണെന്ന് കരുതിയാണ് ചാന്ദ് ഭായിയെ ഉപദ്രവിച്ചതെന്ന് കാന്താദേവി പൊലീസിനോട് പറഞ്ഞു.
അതേസമയം, വൈദ്യപരിശോധനയ്ക്കായി ചാന്ദ് ഭായിയെ ആശുപത്രിയിലേക്ക് മാറ്റി. പെന്‍ഷനായി ലഭിച്ച 30000 രൂപ കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കാന്താഭായി തന്നെ മർദ്ദിച്ചതെന്ന് ചാന്ദ് ഭായി പൊലീസിനോട് പറഞ്ഞു. മരുമകള്‍ സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും ചാന്ദ് ഭായി മൊഴി നല്‍കിയിട്ടുണ്ട്. ബിഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിരുന്ന ഭർത്താവ് മരിച്ചതിനെ തുടര്‍ന്ന് ചാന്ദ് ഭായിയ്ക്ക് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതികരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രംഗത്തെത്തി. കാന്താദേവിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാര സമ്പന്നമെന്ന് കരുതുന്ന നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള സംഭവം പരിതാപകരവും ദൗര്‍ഭാഗ്യകരവുമാണെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























