രാജ്യത്തെ ഒന്നടങ്കം നടുക്കിയ ജമ്മു കശ്മീരിലെ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറുപേരും കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതിയുടെ കണ്ടെത്തൽ; ഒരാളെ കോടതി വെറുതെ വിട്ടു

രാജ്യത്തെ ഒന്നടങ്കം നടുക്കിയ ജമ്മു കശ്മീരിലെ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറുപേരും കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതിയുടെ കണ്ടെത്തൽ. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ അഥവാ മന്നു, എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഇയാളും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥർക്കെതിരെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നതാണ് കേസ്.
എന്നാൽ സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെ കോടതി വെറുതെ വിട്ടു. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ്. അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറയുന്നത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 60 വയസുകാരനായ സഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരാണ് കുറ്റാരോപിതർ.
https://www.facebook.com/Malayalivartha


























