കാണാതായ എ.എന്‍ 32 വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ നിന്നും കണ്ടെത്തി; യാത്രക്കാരെക്കുറിച്ച് ഇപ്പോഴും അജ്ഞാത; കാണാതായത് മലയാളികളടക്കം 13 പേർ

ജൂണ്‍ മൂന്നിന് അസമിലെ ജോഡട്ടിലെ വ്യോമതാവളത്തിൽ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട ശേഷം കാണാതായ റഷ്യന്‍ നിര്‍മിത എ.എന്‍ 32 വ്യോമസേനാ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ നിന്നും കണ്ടെത്തി.
അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലുള്ള പേയും സര്‍ക്കിളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതുവഴി പോകുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ തന്നെ മി 17 ഹെലികോപ്‌റ്ററാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജൂണ്‍ 3 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനത്തിൽ നിന്നുള്ള സന്ദേശം നിലച്ചത്.മോശം കാലാവസ്ഥയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചലിലെ വനമേഖലയിൽ തകർന്നു വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.
രണ്ട് സുഖോയ് 30 ഫൈറ്റര്‍ വിമാനങ്ങളും ഒരു സി-130 ജെ വിമാനങ്ങളും ഏറെ നാളുകളായി കാണാതായ വിമാനത്തിനായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇത് കൂടാതെ വ്യോമസേനാ ഉദ്യോഗസ്ഥരും വിമാനം പതിച്ചെന്ന് കരുത്തപെട്ട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കരസേനാ, വ്യോമസേന, ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി സേന, എന്നീ വിഭാഗങ്ങളില്‍ നിന്നുമുള്ള സൈനികരും തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
എ. എന്‍ 32 വിമാനങ്ങള്‍ റഷ്യയാണ് ഇന്ത്യയ്ക്ക് നിര്‍മിച്ച് നല്‍കുന്നത്. വിമാനത്തില്‍ മലയാളിയായ ഫ്ലൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാരിനും മറ്റൊരു മലയാളിയെയും കൂടാതെ ഏഴ് വ്യോമസേനാ അംഗങ്ങള്‍ അടക്കം 13 പേര്‍ ഉണ്ടായിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ വിവരമന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























