പുതിയ തൊഴില്‍ നിയമനിര്‍മാണത്തിന് കേന്ദ്ര നീക്കം... 44 തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കും, പുതിയ ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍...

പുതിയ തൊഴില്‍ നിയമനിര്‍മാണത്തിന് കേന്ദ്രം നീക്കം നടത്തുന്നു. നിക്ഷേപകരെ സഹായിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ പദ്ധതി. തൊഴില്‍ വേതനം, സാമൂഹിക സുരക്ഷ, വ്യവസായ സുരക്ഷ, ക്ഷേമം എന്നീ വിഭാഗങ്ങളിലെ 44 നിയമങ്ങളെ സംയോജിപ്പിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് ആലോചന. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്‌വര്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്നും അതിനു മുമ്പ് കരട് ബില്‍ കാബിനറ്റില്‍ അവതരിപ്പിക്കുമെന്നും തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്‌വര്‍ പറഞ്ഞു. കരട് തയാറാക്കുന്നതിനു മുമ്പ് എല്ലാ പ്രധാന തൊഴില്‍ സംഘടനകളുമായി കൂടിയാലോചിക്കും. സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, പ്രസവാനുകൂല്യം, നഷ്ടപരിഹാര നിയമം തുടങ്ങിയവ ഏകീകരിച്ച് ഒന്നാക്കും. ഇതുപോലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറീസ്, ഖനി നിയമങ്ങള്‍ തുടങ്ങിയവ ഒന്നാക്കും. മിനിമം കൂലി നിയമം, ബോണസ്, വേതനം, തുല്യ പ്രതിഫല നിയമം തുടങ്ങിയവയും ഏകീകരിക്കും. വ്യവസായ തര്‍ക്ക നിയമം, ട്രേഡ് യൂനിയന്‍ നിയമം, വ്യവസായ തൊഴില്‍ നിയമം തുടങ്ങിയവയും സംയോജിപ്പിക്കും.
https://www.facebook.com/Malayalivartha


























