ഐഎസ്‌ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 ജൂലായ് 15ന് വിക്ഷേപിക്കും

ഐഎസ്‌ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 ജൂലായ് 15ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2. 51ന് ആണ് വിക്ഷേപണം. സെപ്തംബര്‍ ആറിന് പേടകം ചന്ദ്രന്‍റെ ഉപരിതലം തൊടും. ജിഎസ്‌എല്‍വി മാര്‍ക്ക് മൂന്ന് ആണ് വിക്ഷേപണ വാഹനം. ചന്ദ്രയാന്‍ പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്‌ആര്‍ഒ ഇന്ന് പുറത്തുവിട്ടിരുന്നു. 800 കോടി ചിലവിലാണ് നിര്‍മിച്ചത്. ചന്ദ്രയാന്‍ ഒന്നിന്റെ തുടര്‍ച്ചയാണ് ഇത്. ഏറ്റവും സങ്കീര്‍ണമായ പ്രക്രിയയാണ് ഇതില്‍ നടക്കുന്നത്.
ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ ലക്ഷ്യം.
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ദൗത്യമാണ് ഇത്. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ -2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്‌എല്‍വി മാര്‍ക് -3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.
പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.
ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്‍റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാന്‍ രണ്ടിലൂടെ. ഇറങ്ങുന്നതോ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ - ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്‌ആര്‍ഒ അവലംബിച്ചിരുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാന്‍-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha


























