വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്....മൂന്നു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി, കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരമാലകള്‍ ഉയരുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്

ഗുജറാത്ത് തീരത്തെത്തുന്ന വായു ചുഴലിക്കാറ്റിന് തീവ്രതയേറുമെന്ന് സൂചന ലഭിച്ചതിനാല്‍മൂന്നു ലക്ഷത്തോളം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് അഞ്ചുമണിവരെ 2.15 ലക്ഷം ആളുകളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചതായി സര്‍ക്കാര്‍വൃത്തങ്ങള്‍ വെളിപ്പെടുത്തി. പോര്‍ബന്തറിനും ദിയുവിനും ഇടയില്‍ വായു നിലംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒടുവില്‍ അറിയിച്ചത്. നേരത്തേ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗമെന്ന് പ്രവചിച്ചിരുന്നെങ്കിലും വായുവിന്റെ വേഗം 145 175 കിലോമീറ്ററിനിടയിലാകുമെന്ന് വിവരം ലഭിച്ചതിനാലാണ് കാറ്റിന്റെ വഴിയിലുള്ള വീട്ടുകാരെയെല്ലാം ഒഴിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
പഴയ വീടുകളിലും കോണ്‍ക്രീറ്റ് ചെയ്യാത്ത മേല്‍ക്കൂരയുള്ള ഭവനങ്ങളിലും കഴിയുന്നവരെ നിര്‍ബന്ധമായി മാറ്റി. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളെ കാറ്റ് സാരമായി ബാധിക്കുമെന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കായി സംഘങ്ങളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. വെരാവല്‍ കടല്‍ത്തീരത്തുമാത്രം അരലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നുണ്ട്.
എന്നാല്‍ ബോട്ടുകളും വള്ളങ്ങളും ഉപേക്ഷിച്ച് വരാന്‍ മത്സ്യത്തൊഴിലാളികള്‍ മടിക്കുന്നു. ദ്വാരക, പോര്‍ബന്തര്‍, ജുനഗഢ്, ദിയു, ഗിര്‍സോമനാഥ്, ജാംനഗര്‍, അമ്രേലി, മോര്‍ബി, കച്ച്, ഭാവ്‌നഗര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ആളുകളെ കൂടുതലായി ഒഴിപ്പിക്കുന്നത്. പതിനായിരത്തോളം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. ആകെ 408 വില്ലേജുകളിലെ 60 ലക്ഷം ആളുകള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനമേഖലയില്‍ വരും. ഇവിടങ്ങളില്‍ ബുധനാഴ്ച തന്നെ മഴ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ തെക്കന്‍ ഗുജറാത്തിലെ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കി. വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്കായി ഓഖയില്‍നിന്ന് രാജ്‌കോട്ടിലേക്കും അഹമ്മദാബാദിലേക്കും രണ്ട് പ്രത്യേക തീവണ്ടികള്‍ ഓടിച്ചു. പശ്ചിമ റെയില്‍വേ ഓഖ, വെരാവല്‍, പോര്‍ബന്തര്‍, ഭുജ് മേഖലയിലേക്കുള്ള തീവണ്ടികള്‍ ബുധനാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാവിലെവരെ റദ്ദാക്കി. ദൂരദേശങ്ങളില്‍നിന്നുള്ള വണ്ടികള്‍ അഹമ്മദാബാദില്‍ യാത്ര അവസാനിപ്പിക്കും. അഹമ്മദാബാദില്‍നിന്ന് പോര്‍ബന്തര്‍, ദിയു, കാണ്ട്‌ല, മുന്ദ്ര, ഭാവ്‌നഗര്‍ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ രണ്ടുദിവസത്തേക്ക് റദ്ദാക്കി.
ദേശീയ ദുരന്തനിവാരണ സേനയുടെ 47 സംഘങ്ങള്‍ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളില്‍ കരസേനയും നിലയുറപ്പിച്ചു. 300 മറൈന്‍ കമാന്‍ഡോകളും ഒമ്പത് ഹെലികോപ്റ്ററുകളും പ്രധാനസ്ഥാനങ്ങളില്‍ ഉണ്ട്. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കായി ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികളും എത്തിച്ചു. മരണരഹിത രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരമാലകള്‍ ഉയരുമെന്നു മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാത്രി 11.30 വരെ കാസര്‍കോട് മുതല്‍ പൊഴിയൂര്‍വരെയുള്ള തീരത്ത് തിരമാലകള്‍ രണ്ടര മുതല്‍ മൂന്നരമീറ്റര്‍വരെ ഉയരും. കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാഴാഴ്ചയും കാലവര്‍ഷം ശക്തമായി തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha


























