അല്‍പം ആശ്വസിക്കാം... വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെ അധികം ബാധിക്കില്ലെന്ന് കാലാവസ്ഥ വിഭാഗം; വായു ഗുജറാത്ത് തീരത്ത്എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയില്‍ വലിയതോതില്‍ നാശമുണ്ടാക്കില്ല; എങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ല

അറബിക്കലില്‍ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായുചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ നേരിയ മാറ്റമെന്ന് കാലാവസ്ഥാ ഗവേഷണകേന്ദ്രം. ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയില്‍ വലിയതോതില്‍ നാശമുണ്ടാക്കില്ല. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക
തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മാത്രമല്ല കടല്‍ക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ തീരത്ത് സുരക്ഷാ മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ലക്ഷം പേരെയാണ് ഗുജറാത്തിലെ തീരദേശങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശമായ ഡിയു വില്‍ നിന്നും മാറ്റിയിരിക്കുന്നത്. അടിയന്തിര സാഹചര്യം നേരിടാന്‍ 52 ടീം ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്
തീരത്തേക്ക് കയറുമ്പോള്‍ 160 കിലോമീറ്ററെങ്കിലുമാകും കാറ്റിന് വേഗതയുണ്ടാകുമെന്നായിരുന്നു നേരത്തെ വെളുപ്പെടുത്തിയത്. വടക്കുഭാഗത്തേക്കു നീങ്ങുന്ന ഇത് ഇന്നു രാവിലെ പോര്‍ബന്ദറിനും ദിയുവിനുമിടയില്‍ രാൗദ്രഭാവത്തോടെ തീരത്തെ കശക്കിയെറിയും. മണ്ണിടിച്ചിലിനും കാരണമാകാം. നാശം മുന്‍കൂട്ടിക്കണ്ട് 2.5 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തീരപ്രദേശങ്ങളായ മോര്‍ബി, ഭാവ്‌നഗര്‍, ജുന്‍ഗഡ്,ഗീര്‍ സോംനാഥ്, ജാംനഗര്‍, ദ്വാരക, കുച്ച്, പേര്‍ബന്ദര്‍, രാജ്‌കോട്ട്,അംറോലി ജില്ലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
500 ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ഗുജറാത്ത് അഡീഷല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സംഘത്തിന്റെ 52 സംഘത്തെയാണു ഗുജറാത്തിലും ദിയുവിലുമായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ ഐ.എന്‍.എസ്. രജലിയെയും നിയോഗിച്ചിട്ടുണ്ട്. 300 മെറെന്‍ കമാന്‍ഡോകള്‍, ഒന്‍പത് ഹെലികോപ്റ്ററുകള്‍ എന്നിവ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
വായു ഭീഷണിയിലുള്ള വെരാവല്‍, ഓഖ, പേര്‍ബന്ദര്‍, ഭാവ്‌നഗര്‍, ഭുജ്, ഗാന്ധിഗ്രാം മേഖലയിലേക്കുള്ള 15 ട്രെയിനുകള്‍ ഉത്തര റെയില്‍വേ റദ്ദാക്കി. 16 ട്രെയിനുകള്‍ ഈ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കും. പോര്‍ബന്ദര്‍, ഭാവ്‌നഗര്‍, ദിയു, കന്‍ഡ്‌ല എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്നുള്ള ഇന്നത്തെ സര്‍വീസുകളും റദ്ദാക്കി.
ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫാനി പോലെ വായു ശക്തിപ്പെടാന്‍ സാധ്യതയില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ഇതു ദുര്‍ബലമാക്കുമെന്നാണു സൂചന. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ വൈകുകയോ ശക്തി കുറയുകയോ ചെയ്യാമെന്നാണു പ്രവചനം. ഗോവയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























