കേരളം പിടിക്കാന്‍ അമിത് ഷാ; 2019ലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും ഇനിയും മുന്നോട്ടുപോകണമെന്ന് അമിത് ഷാ

കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും, ബിജെപിക്ക് വഴങ്ങാതെ നില്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിടിക്കുക എന്ന ലക്ഷ്യവുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അതിനായി പുതിയ നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് അമിത്ഷാ.
കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം എന്ന് അമിത്ഷാ നിർദ്ദേശം നൽകി . 2019 ല്‍ ബിജെപിയുടെ പ്രകടനം പാരമ്യത്തില്‍ എത്തിയില്ല എന്നും അദ്ദേഹം വിലയിരുത്തി. പാര്‍ട്ടി അംഗത്വത്തില്‍ 20 ശതമാനം വര്‍ധന വേണമെന്നും പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ അമിത് ഷാ നിര്‍ദേശിച്ചു.
2019ലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും ഇനിയും മുന്നോട്ടുപോകണമെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലവും, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താനുമായി ചേര്‍ന്ന ബിജെപി പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി മെമ്ബര്‍ഷിപ്പ് ക്യാംപെയ്‌ന് തുടക്കം കുറിച്ചതായി യോഗതീരുമാനങ്ങള്‍ അറിയിച്ച ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് അറിയിച്ചു. ബിജെപിക്ക് ഇപ്പോള്‍ 11 കോടി അംഗങ്ങളാണുള്ളത്. അംഗത്വത്തില്‍ 20 ശതമാനം വര്‍ധനയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
അംഗത്വ ക്യാംപെയ്ന്‍ സമിതിയെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ ശിവരാജ് സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കും. സമിതിയില്‍ നാലു നേതാക്കള്‍ ചൗഹാനെ സഹായിക്കുമെന്നും ഭൂപേന്ദ്രയാദവ് വ്യക്തമാക്കി. സംഘടാതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ അമിത് ഷാ ബിജെപി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നും യാദവ് സൂചിപ്പിച്ചു. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ നിയമസഭകളിലേക്കാണ് ഇനി നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഹരിയാനയിലും ഝാര്‍ഖണ്ഡിലും ബിജെപി ഒറ്റക്ക് മത്സരിക്കും. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കും. നേരത്തെ ഭിന്നസ്വരമുയര്‍ത്തിയിരുന്ന സേന മോദിയുടെ രണ്ടാം വരവോടെ ഏതാണ്ട് നിശബ്ദരാണ്. 48-ല്‍ 41 സീറ്റാണ് സഖ്യം നേടിയത്. എന്‍സിപിയുമായുള്ള സഖ്യമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ശരത് പവാര്‍ പിന്മാറുമോയെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. മഹാരാഷ്ട്രയില്‍ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നലെ പ്രധാന നേതാക്കള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു. ബിജെപി ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയിരുന്നു. വിജയത്തിന്റെ ആലസ്യത്തില്‍ വീഴരുതെന്നും അമ്പത് ശതമാനത്തിലേറെ വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സംസ്ഥാനത്തെ നേതാക്കള്‍ക്ക് ഷാ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha


























