ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍
ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഓടയിലേക്ക് വലിച്ചെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഓടയില്‍ കിടന്ന് കരഞ്ഞ കുഞ്ഞിനെ ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വലിച്ച് കരയിലേക്കിടുകയായിരുന്നു. ഹരിയാനയിലെ കൈതല്‍ നഗരത്തിന് സമീപമാണ് സംഭവം. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പെണ്‍കുഞ്ഞിനെ ഒരു സ്ത്രീ പ്ലാസ്റ്റിക്ക് കവറിലാക്കി ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നായ്ക്കള്‍ കുരയ്ക്കുന്ന ശബ്ദം കേട്ട് നാട്ടുകാരാണ് കവറിനുള്ളില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിച്ച ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലാക്കി. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ പ്ലാസ്റ്റിക് കവര്‍ ഓടയിലേക്ക് എറിഞ്ഞശേഷം വേഗത്തില്‍ നടന്നുപോവുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha