മെഡിറ്റേറ്റ് എന്ന് മോദി പറഞ്ഞു, ട്രംപ് കേട്ടത് മീഡിയേറ്റ്; പുതിയ വ്യാഖ്യാനവുമായി കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ട്രംപിന്റെ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെ വിഷയത്തില്‍ പുതിയ വ്യാഖ്യാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. വിവാദങ്ങൾക്ക് കാരണമായ വാർത്തക്ക് പിന്നിൽ മീഡിയേറ്റ്, മെഡിറ്റേറ്റ് എന്നീ വാക്കുകള്‍ തമ്മിലുണ്ടായ ആശയക്കുഴപ്പമാകാനാണ് സാധ്യതയെന്ന് ഖുര്‍ഷിദ് പറഞ്ഞു.
സല്‍മാന്‍ ഖുര്‍ഷിദിന്റെ 'വിസിബിള്‍ മുസ്ലിം, ഇന്‍വിസിബിള്‍ സിറ്റിസണ്‍ അണ്ടര്‍സ്റ്റാന്‍ഡിങ് ഇസ്ലാം ഇന്‍ ഇന്ത്യന്‍ ഡെമോക്രമസി' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് അദ്ദേഹം ഈ സാധ്യത സൂചിപ്പിച്ചത്. യോഗയ്ക്കായി എന്തുകൊണ്ട് മെഡിറ്റേറ്റ് ചെയ്യുന്നില്ല എന്ന് മോദി ചോദിച്ചിട്ടുണ്ടാകും, ട്രംപ് കേട്ടതും കരുതിയതും മീഡിയേറ്റ്(മധ്യസ്ഥത) എന്നാകാം എന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ആശയവിനിമയത്തിലുണ്ടായ പ്രശ്‌നമാകാം. നയതന്ത്ര ബന്ധം എന്നത് ആശയവിനിമയത്തില്‍ അധിഷ്ഠിതമാണ്. നേരാം വണ്ണം ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തുതരം നയതന്ത്രമാണ് നിങ്ങള്‍ നടത്തുന്നത് എന്നും ഖുര്‍ഷിദ് ചോദിച്ചു.
എന്നാൽ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ ആവശ്യപ്പെട്ടുവെന്ന പ്രസ്താവന ഉണ്ടാക്കി പറഞ്ഞതല്ലെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പ്രതികരിച്ചത്.
നരേന്ദ്ര മോദി മധ്യസ്ഥം വഹിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ട്രംപ് ഉണ്ടാക്കി പറഞ്ഞതാണോ എന്ന ചോദ്യത്തോടായിരുന്നു ലാറി കഡ്‌ലോവിന്റെ പ്രതികരണം. പ്രസിഡന്റ് കാര്യങ്ങള്‍ സ്വയം സൃഷ്ടിക്കാറില്ലെന്നായിരുന്നു പ്രതികരണം. പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ഖാനുമായുള്ള സംയുക്ത വാര്‍ത്ത സമ്മേളനത്തിനിടെയാണ് കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് നരേന്ദ്ര മോദി തന്റെ ഇടപെടല്‍ ആവശ്യപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഈ ആവശ്യം നരേന്ദ്ര മോദി ഉന്നയിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശ വാദം. എന്നാല്‍ ഇത്തരമൊരു ആവശ്യം ഇന്ത്യ നടത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
‘രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോള്‍ അദ്ദേഹം ഈ കാര്യം ഉന്നയിച്ചു. താങ്കള്‍ക്ക് ഇക്കാര്യത്തില്‍ മധ്യസ്ഥനായി ഇടപെടാന്‍ കഴിയുമോ എന്ന് ചോദിച്ചു. ഏത് വിഷയത്തില്‍ എന്ന് ഞാന്‍ ചോദിച്ചു. കശ്മീരില്‍, കാരണം കുറെ വര്‍ഷങ്ങളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുവെന്നായിരുന്നു മറുപടി’ ഇതായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.
എന്നാൽ ഒസാക്കയില്‍ പ്രധാനമന്ത്രി ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ഉഭയകക്ഷി വിഷയമാണെന്ന് അമേരിക്ക നിലപാടെടുത്തിരുന്നു.
ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണു തിരുത്തലുമായി യുഎസും രംഗത്തെത്തിയത്. കശ്മീർ ഉഭയകക്ഷി വിഷയമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറയ്ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാൻ യുഎസ് തയാറാണ് എന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
ട്രംപിന്റെ പ്രസ്തവന ഇന്ത്യയില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും വലിയ ബഹളമുണ്ടാകുകയും സഭ സ്തംഭിക്കുകയും ചെയ്തു. കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്നാണ് ഇന്ത്യയുടെ കാലാകാലമായുള്ള നിലപാട്. ട്രംപ് നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha
























