ലോക്സഭയ്ക്കു പിന്നാലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയിലും പാസായതോടെ വിവരാവകാശ നിയമ ഭേദഗതി ബിൽ യാഥാർഥ്യമായി. ഇതോടെ കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കും

സർക്കാർ തീരുമാനങ്ങൾ വെറും 10 രൂപ ചെലവിൽ അറിയാനുള്ള വിവരാവകാശമെന്ന പൗരാവകാശനിയമം ഇനി പഴങ്കഥ .. ലോക്സഭയ്ക്കു പിന്നാലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയിലും പാസായതോടെ വിവരാവകാശ നിയമ ഭേദഗതി ബിൽ യാഥാർഥ്യമായി.
ഇതോടെ കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കും .
എൻ.ഡി.എ ന്യൂനപക്ഷമായ രാജ്യസഭയിൽ ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ് എന്നിവയുടെ പിന്തുണ ഉറപ്പാക്കിയാണ് ബിൽ സർക്കാർ പാസാക്കിയത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, തൃണമൂൽ, ഡി.എം.കെ, ആംആദ്‌മി അംഗങ്ങൾ വോട്ടെടുപ്പിന് മുൻപ് സഭ ബഹിഷ്‌കരിക്കുകയായിരുന്നു.കമ്മിഷണർമാരുടെ കാലാവധിയും ശമ്പളവും കേന്ദ്രം തീരുമാനിക്കുന്നത് വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് നേരത്തേ പ്രതിപക്ഷം ചൂണ്ടിക്കാട്ടി
വിവരാവകാശ നിയമം അധികാരകേന്ദ്രത്തിനു എന്നും തലവേദന സൃഷ്ടിച്ചിരുന്നു. 14 വർഷത്തിനിടെ എൺപതിലധികം വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നതു തന്നെ ഇക്കാര്യം വെളിവാക്കുന്നതാണ്
ഭേദഗതി നടപ്പായാൽ പ്രധാനമന്ത്രിയുടെ ഓഫിസിനും മുഖ്യമന്ത്രിമാരുടെ ഓഫിസിനും വിവരാവകാശ കമ്മിഷണർമാരെ സ്വാധീനിക്കാം. ഇംഗിതത്തിനു വഴങ്ങുന്നവരെ നിയമിക്കാം. രാജ്യത്തിന്റെ നിലനിൽപിന്റെ മൂല്യങ്ങളിലൊന്നായ ഫെഡറലിസത്തിന്റെ സത്തയെ ഇല്ലാതാക്കുന്ന നീക്കമാകുമിത്
കുറവുകളെല്ലാം പരിഹരിച്ച കാലാന്തരത്തിൽ വന്ന മികവിന്റെ പാതയിലായിരുന്നു വിവരാവകാശ നിയമം. അതിനെയാണു ഭേദഗതിയിലൂടെ മോദി സർക്കാർ മാറ്റിയത് . കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷണർമാരുടെ നിയമന, ശമ്പള വ്യവസ്ഥയിൽ കേന്ദ്രം മാറ്റംവരുത്തി. അതെല്ലാം കേന്ദ്രം തീരുമാനിക്കും. വിവരാവകാശ കമ്മിഷന്റെ നിഷ്പക്ഷതയെയും സ്വതന്ത്ര പ്രവർത്തനത്തെയും തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു
സർക്കാരിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഏതുനിമിഷവും കസേര തെറിക്കാം, ശമ്പളം മുടങ്ങാം. ഇങ്ങനെ വരുമ്പോൾ ‘പൊള്ളുന്ന’ വിവരങ്ങൾ ചോദിക്കുന്നവർക്കു കൈമാറാൻ കമ്മിഷൻ മടിക്കും, വിവരാവകാശ നിയമം സ്വയമേവ ഇല്ലാതാകും.
വിവരാവകാശ നിയമത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മിഷനും (സിഐസി) സംസ്ഥാന വിവരാവകാശ കമ്മിഷനും (എസ്ഐസി) ഭരണഘടനാ സ്ഥാപനങ്ങൾ അല്ലെന്നുമാണു കേന്ദ്രത്തിന്റെ വാദം. തിരഞ്ഞെടുപ്പു കമ്മിഷന് ഒപ്പംനിൽക്കുന്ന സ്വതന്ത്ര സംവിധാനമായാണു വിവരാവകാശ കമ്മിഷനെ 2005ലെ നിയമത്തിൽ വിഭാവന ചെയ്തത്. വിവരം ‘ഭരണഘടനാ അവകാശം’ ആണെന്നും ആർടിഐ നിയമം വ്യക്തമാക്കിയിട്ടുണ്ട്
പ്രധാന ഭേദഗതികൾ ഇവയാണ്
കേന്ദ്ര, സംസ്ഥാന വിവരാകാശ കമ്മിഷണർമാരുടെ കാലാവധി കേന്ദ്രസർക്കാർ തീരുമാനിക്കും. നിലവിൽ അഞ്ചു വർഷമോ 65 വയസുവരെയോ ആണ് കാലാവധി.കമ്മിഷണർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ സേവന വേതന വ്യവസ്ഥയുള്ളത് ഒഴിവാക്കി.
ഇനി ശമ്പളവും അലവൻസുകളും മറ്റ് സേവന വ്യവസ്ഥകളും കേന്ദ്രസർക്കാർ തീരുമാനിക്കും.
കമ്മിഷണർ സർക്കാർ പെൻഷൻ പറ്റുന്നെങ്കിൽ ശമ്പളത്തിൽ നിന്ന് അതു കുറയ്‌ക്കും.
കമ്മിഷണർമാർ ഇനി സർക്കാർ വരുതിയിൽ ആകും
വിവരാവകാശ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ കമ്മിഷണർമാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മേലുള്ള അധികാരം ഭേദഗതിയിലൂടെ ഇല്ലാതാകും
നിലവിൽ കേന്ദ്ര വിവരാവകാശ കമ്മിഷണർക്ക് ഭരണഘടനാ പദവിയിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് തുല്യമായ സേവന, വേതന വ്യവസ്ഥയുണ്ട്. അവരുടെ അധികാരവും വിപുലമാണ്.
നിലവിൽ അഞ്ചുവർഷം കാലാവധിയുള്ളതിനാൽ വിവാദമായ പരാതികളിൽ തീർപ്പു കൽപ്പിക്കാൻ ആവശ്യമായ സമയം ലഭിക്കുന്നുണ്ട്.
അനഭിമതരായ കമ്മിഷണർമാരെ പെട്ടെന്ന് പുറത്താക്കാൻ ഭേദഗതി സർക്കാരുകൾക്ക് അധികാരം നൽകും.
വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകും
സത്യസന്ധരായ ഉദ്യോഗസ്ഥർ പോലും വിവരങ്ങൾ പുറത്തുവിടാൻ മടിക്കുംകാലാവധിയും ശമ്പളവും സർക്കാർ നിശ്ചയിച്ചാൽ, ഭരണകൂടത്തിനെതിരായ ഉത്തരവുകളിൽ കമ്മിഷണർമാർ സ്വാധീനിക്കപ്പെടാം.
പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യത, നോട്ട് നിരോധനത്തിന്റെ കണക്ക്, കള്ളപ്പണത്തിന്റെ കണക്ക് തുടങ്ങിയവ വിവരാവകാശ നിയമം വഴി ചോദിച്ചതാണ് കമ്മിഷണർമാരുടെ പല്ല് കൊഴിക്കുന്ന ഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത് എന്നാണു ഇപ്പോൾ പറത്തുവരുന്ന റിപ്പോർട്ടുകൾ
"
https://www.facebook.com/Malayalivartha
























