വീണ്ടും ടിക് ടോക്ക് മരണം; ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

തിങ്കളാഴ്ച ബീഹാറിലെ ദർഭംഗ ജില്ലയിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരു യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. പിറ്റേ ദിവസം യുവാവിന്റെ മൃതദേഹം അധികൃതർ കണ്ടെടുത്തു. അഡാൽപൂർ ഗ്രാമവാസിയായ അഫ്‌സലാണ് മരിച്ചത്. അഫ്സലും തന്റെ രണ്ട് സുഹൃത്തുക്കളായ കാസിം, സീതാരെ എന്നിവർ ചേർന്ന് കിയോട്ടി ബ്ലോക്കിലെ ജലാശയത്തിൽ ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്.
കാസിം വെള്ളത്തിൽ ഒഴുകുന്നതും, മറ്റൊരു സുഹൃത്ത് നിന്നു മൊബൈൽ ഫോണിൽ ഇത് ചിത്രീകരിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത് . കാസിം പെട്ടെന്ന് വെള്ളത്തിൽ മുങ്ങുകയും പൊങ്ങുവാൻ ബുദ്ധിമുട്ടുന്നതായും കാണുന്നു. ഇത് കണ്ട അഫ്സൽ അയാളെ രക്ഷിക്കാൻ ഇറങ്ങി. കാസിം രക്ഷപ്പെട്ടെങ്കിലും നിമിഷങ്ങൾക്കകം അഫ്സൽ വെള്ളപ്പൊക്കത്തിൽ മുങ്ങുകയായിരുന്നു. ഇത് കണ്ട് നിരവധി പേർ യുവാവിനെ രക്ഷിക്കാനായി വെള്ളപ്പൊക്കത്തിൽ ചാടിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ദേശീയ ദുരന്ത നിവാരണ സേനയുടെ (ഡിഡിആർഎഫ്) സംഘം മുങ്ങിമരിച്ച സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു. ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇത്തരം പ്രവർത്തികൾക്ക് ശ്രമിക്കരുതെന്നും ജലാശയങ്ങൾക്ക് സമീപം സെൽഫികളോ വീഡിയോകളോ എടുക്കരുതെന്നും ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദർഭംഗ ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജൻ, നദികളിൽ മുങ്ങുന്നത് പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ കുട്ടികളെ ശ്രദ്ധിക്കണമെന്നും അവർക്കു നിർദ്ദേശം നൽകണമെന്നും മാതാപിതാക്കൾക്ക് നിർദേശം നൽകി.''അശ്രദ്ധയും തെറ്റിദ്ധാരണകളും മൂലം നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്, അത്തരം മരണങ്ങൾ സംഭവിക്കാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും, നിരവധി കുട്ടികൾ ടിക് ടോക് വിഡിയോകൾ ചിത്രീകരിക്കാൻ നദികളിലേക്ക് മുങ്ങുന്നത് ഇപ്പോഴും കാണാറുണ്ട്, അതേസമയം ആരും അവരോടു പ്രതികരിക്കാതെ നിശബ്ദരായി കടന്നുപോകുന്നതും പതിവാണ്.
https://www.facebook.com/Malayalivartha
























