ഇമ്രാൻഖാൻ സത്യം തുറന്നുപറഞ്ഞു; ശക്തമായ നടപടി സ്വീകരിക്കാന്‍ ആരാജ്യം തയ്യാറാകണമെന്ന് ഇന്ത്യ

പാകിസ്താനില്‍ 40,000ത്തോളം ഭീകരവാദികള്‍ ഇപ്പോഴുമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ ആരാജ്യം തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താനിലെ ഭരണ നേതൃത്വം നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭീകരവാദികള്‍ക്കെതിരെ വിശ്വസനീയവും വിട്ടുവീഴ്ച ഇല്ലാത്തതുമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും ഇതാണ് അതിനുള്ള സമയമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക സന്ദര്‍ശനത്തിനിടെ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് പാകിസ്താനില്‍ 30,000 മുതല്‍ 40,000 വരെ ഭീകരര്‍ ഇപ്പോഴുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. അവര്‍ അഫ്ഗാനിസ്താനിലും കശ്മീരിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയാണെന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. പരിശീലനം നേടിയ ഭീകരവാദികളാണ് പാകിസ്താനിലുള്ളത്. എന്നാല്‍ അവരുടെ സാന്നിധ്യം സംബന്ധിച്ച സത്യസന്ധമായ വിവരങ്ങളൊന്നും പാകിസ്താനിലെ മുന്‍ സര്‍ക്കാരുകള്‍ അമേരിക്കയെ അറിയിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ തുറന്നു സമ്മതിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തിയിട്ടുള്ളത്. അതിനിടെ, കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ചുവെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ കാര്യമാക്കേണ്ടതില്ലെന്നും രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
പാകിസ്ഥാനില്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വന്ന സര്‍ക്കാരുകള്‍ പ്രത്യേകിച്ചും മറച്ചുപിടിച്ചുവെന്ന് ഇമ്രാൻ വ്യക്തമാക്കിയിരുന്നു. അല്‍ ഖ്വൊയ്ദ അഫ്ഗാനിസ്ഥാനിലാണ്. താലിബാന്‍ സേന പാകിസ്താനില്‍ ഇല്ല. 9/11 അമേരിക്കന്‍ തീവ്രവാദി ആക്രമണത്തില്‍ പാകിസ്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇമ്രാന്‍ പറഞ്ഞു. തീവ്രവാദത്തിനെതിരേ അമേരിക്കയുടെ യുദ്ധത്തില്‍ തങ്ങളും പങ്കാളികളായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരുകളെ മാത്രമേ താന്‍ കുറ്റം പറയുകയുള്ളു. കാരണം അവര്‍ സത്യം അമേരിക്കയോട് പറഞ്ഞില്ല എന്നും ഇമ്രാന്‍ വ്യക്തമാക്കി.
അമേരിക്കയ്‌ക്കൊപ്പം തീവ്രവാദത്തിനെതിരേ പോരാടിയവരാണ് തങ്ങളെന്നും ഇമ്രാന്‍ പറഞ്ഞു. 40 വിവിധ തീവ്രവാദ ഗ്രൂപ്പുകളാണ് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ അതിജീവിക്കാന്‍ കഴിയുമോ എന്ന് ആശങ്കയിലൂടെയാണ് പാകിസ്താന്‍ ജനത കടന്നുപോകുന്നത്. അമേരിക്ക യുദ്ധത്തില്‍ വിജയം നേടാന്‍ തങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുമ്പോള്‍ പാകിസ്താന്‍ അതിജീവന സമരത്തിലായിരുന്നു. ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെയും മറ്റ് സമുന്നതരായ അമേരിക്കന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച പാകിസ്താന് പളരെ പ്രധാനമാണ്. പാകിസ്താന്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്ന രാജ്യമാണെന്ന് അമേരിക്കയോട് സത്യസന്ധമായി തന്നെ താന്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ കാര്യങ്ങള്‍ എല്ലാം ശരിയായി ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ല. ഒന്നാമത് പരസ്പര വിശ്വാസത്തിലൂടെയാണ് ഒരു നല്ല ബന്ധം വളരുന്നത്. അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ അങ്ങേയറ്റം വഷളാകുമ്പോള്‍ പാകിസ്താന്റെ അതിജീവനം അനായാസമല്ല. എന്നിരുന്നാലും ഞങ്ങളെക്കൊണ്ടു ചെയ്യാവുന്നതെല്ലാം ചെയ്യും. അതിനായി രാജ്യം മുഴുവന്‍ പിന്നിലുണ്ട്. പാകിസ്താന്‍ സൈന്യം, സുരക്ഷാ സേന എല്ലാവരുമുണ്ട്. ഞങ്ങളെല്ലാം നിലകൊള്ളുന്ന ലക്ഷ്യവും അമേരിക്കയുടെ ലക്ഷ്യവും ഒന്നു തന്നെയാണ്. സമാധാനപരമായി അതിവേഗത്തില്‍ അഫ്ഗാനിസ്ഥാനില്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും ഇമ്രാന്‍ പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ അധിനിവേശ കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ആദ്യം തടസ്സം നിന്ന ചൈനയുടെ നിലപാട് പോലും മയപ്പെടുത്താന്‍ ഇന്ത്യയ്ക്കായി. അത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തിയതോടെ ബാലക്കോട്ട് മാതൃകയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ അടച്ച് പൂട്ടിയെന്നും അറിയുന്നു. പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതം ഭീകര ക്യാമ്പുകളുണ്ടെന്ന തെളിവ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. അത് കൂടാതെ ബര്‍ണലയിലെ ഭീകര ക്യാമ്പിന്റെ ദൃശ്യങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതെല്ലാം അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയായി. അമേരിക്കയും നിലപാട് കടുപ്പിച്ചു.
https://www.facebook.com/Malayalivartha
























