83 ശതമാനം പ്രാദേശിക തീവ്രവാദികളും മുന്‍പ് സുരക്ഷ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞവരായിരുന്നു; കശ്മീരിലെ അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി സൈന്യം

83 ശതമാനം ഭീകരവാദികള്‍ക്കും മുന്‍പ് സുരക്ഷ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ ചരിത്രമാണുള്ളതെന്ന് സൈന്യം. 15 കോര്‍പ്‌സ് കമ്മാന്‍ഡിങ് ഓഫീസറായ ലെഫ്റ്റണന്റ് കേണല്‍ കെ.ജെ.എസ് ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
''കശ്മീരിലെ കലാപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ വിശദമായ പഠനങ്ങള്‍ നടത്തി. കശ്മീരിലെ അമ്മമാരോട് ഞങ്ങള്‍ക്ക് ഒരു അഭ്യര്‍ഥന നടത്താനുണ്ട്. ശ്രദ്ധിച്ച് കേള്‍ക്കുക. 83 ശതമാനം പ്രാദേശിക തീവ്രവാദികളും മുന്‍പ് സുരക്ഷ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞവരായിരുന്നു. അതിനാല്‍ നിങ്ങളുടെ ആരുടെയെങ്കിലും മകന്‍ ഇന്ന് 500 രൂപയ്ക്ക് വേണ്ടി സൈന്യത്തെ കല്ലെറിയുന്നുണ്ടെങ്കില്‍ അവന്‍ നാളത്തെ തീവ്രവാദിയാണ്. ഇങ്ങനെ തീവ്രവാദികളാകുന്നവരില്‍ 64 ശതമാനവും ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുകയാണ് പതിവ്'' എന്ന് ദില്ലന്‍ ഡൽഹിയിൽ പറഞ്ഞു.
അമര്‍നാഥ് യാത്ര പാതയില്‍ നിന്ന് യു.എസ് സ്‌നൈപര്‍ തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തത് അമര്‍നാഥ് യാത്രയ്ക്ക് ഭീഷണി ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്നും ദില്ലന്‍ പറഞ്ഞു. തീവ്രവാദികളായി 10 ദിവസത്തിനുള്ളില്‍ 7 ശതമാനം തീവ്രവാദികള്‍ കൊല്ലപ്പെടും. 9 ശതമാനം ഒരു മാസത്തിനുള്ളില്‍ കൊല്ലപ്പെടും. 17 ശതമാനം മൂന്ന് മാസത്തിനുള്ളിലും 36 ശതമാനം ആറ് മാസത്തിനുള്ളിലും 64 ശതമാനം ഒരു വര്‍ഷത്തിനുള്ളിലും കൊല്ലപ്പെടും. സൈന്യത്തെ കല്ലെറിയുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ തടഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ തീവ്രവാദികളായി കൊല്ലപ്പെട്ടേക്കാം. കശ്മീരിലെ സമാധാനം ഇല്ലാതാക്കാന്‍ പാകിസ്താന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്നും ദില്ലന്‍ പറഞ്ഞു.
താഴ്‌വരയില്‍ വലിയ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ഭീകരവാദികളുടെ പത്തിലേറെ ശ്രമങ്ങള്‍ സുരക്ഷാ സേനകള്‍ ഇടപെട്ട് തടഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച കശ്മീര്‍ ഐ.ജി എസ്.പി പാണി പറഞ്ഞു. പുല്‍വാമ, ഷോപിയാന്‍ പ്രദേശങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉള്ളതെന്നും പാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ് നൽകി. ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന്‍ സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടു. അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന്‍ നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കാശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു, ചിലതൊക്കെ സംഭവിക്കുന്നുണ്ടെന്ന്. എന്നാല്‍ ആര്‍ക്കുമറിയില്ല യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒമര്‍ പറഞ്ഞു. ശ്രീനഗറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള ഒമറിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർക്കാർ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 35 എയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























