മാവോയിസ്റ്റുകളെ നേരിടുന്നതില്‍ കേരളം പരാജയം,ഡിജിപിയെ ഡല്‍ഹിക്ക് വിളിച്ചു

കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് പൊലീസിന് മടിക്കുന്നതായും പരിമിതികളുണ്ടെങ്കില്‍ സി.ആര്‍.പി.എഫിനെ നിയോഗിക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ അറിയിച്ചു. ഡി.ജി.പിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അനില്‍ ഗോസ്വാമി ഇക്കാര്യം അറിയിച്ചത്.
കര്‍ണാടക തമിഴ്‌നാട് കേരള അതിര്‍ത്തി മാവോയിസ്റ്റുകളുടെ താവളമാണെന്നും ഉന്നത നേതാക്കളടക്കം ഇവിടെ ഒളിവിലുണ്ടെന്നുമാണ് കേന്ദ്രത്തിന് കിട്ടിയ വിവരം. മൂന്നു സംസ്ഥാനങ്ങളും മാവോയിസ്റ്റുകള്‍ക്കെതിരേ ജോയിന്റ് ഓപ്പറേഷനും ജംഗിള്‍ കോ ഓര്‍ഡിനേഷനും നടത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. തീവ്ര ഇടത് നിലപാടുകളുള്ള മനുഷ്യാവകാശ സംഘടനകളും കോളേജ് വിദ്യാര്‍ത്ഥികളും ഐ.ടി വിദഗ്ദ്ധരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം മാവോയിസ്റ്റുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും കേന്ദ്രം ഡിജിപിയെ അറിയിച്ചു.
കേന്ദ്രവുമായി ഏകോപനമില്ലാതെ കേരളം മാവോയിസ്റ്റ് വേട്ട നടത്തുന്നതിനെയും കേന്ദ്രം വിമര്‍ശിച്ചു.
മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ആയുധങ്ങളും ധനസഹായവും ഡി.ജി.പി ആവശ്യപ്പെട്ടു. കേരളത്തില്‍ മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മാവോയിസ്റ്റുകളുടെ തീവ്രസാന്നിദ്ധ്യമുള്ളത്. മൂന്ന് ജില്ലകളിലും ആവശ്യമെങ്കില്‍ കേന്ദ്ര സായുധസേനയെ വിന്യസിക്കും. നഗരങ്ങളില്‍ ആക്രമണം നടത്തുന്ന അര്‍ബന്‍ ആക്ഷന്‍ കമ്മിറ്റികള്‍ പത്ത് നഗരങ്ങളില്‍ സജീവമാണ്. ആസ്ഥാനം തൃശൂരാണ്. ബംഗലുരു, മംഗലാപുരം, മൈസൂര്‍, ഷിമോഗ നഗരങ്ങളിലെ ആക്ഷന്‍ കമ്മിറ്റികളുടെ മാതൃകയിലാണിവ. മാംഗ്ലൂര്‍, ഷിമോഗയിലെ കുവേമ്പു സര്‍വകലാശാലകളില്‍ നിന്ന് ആക്ഷന്‍ കമ്മിറ്റിയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയത് പോലെ കാസര്‍കോട് കേന്ദ്രസര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകളില്‍ അര്‍ബന്‍കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകരുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് 106 ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ട്. തീവ്രസാന്നിദ്ധ്യമുള്ള മലപ്പുറം, വയനാട്, കണ്ണൂര്‍, മൈസൂര്‍, കുടക്, ഉഡുപ്പി, ചിക്കമാംഗ്‌ളൂര്‍, ഷിമോഗ, നീലഗിരി ജില്ലകളില്‍ സുരക്ഷയ്ക്കുള്ള പദ്ധതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. ആദിവാസി മേഖലകളിലേക്ക് റോഡുകള്‍ പണിയാന്‍ കേന്ദ്രസഹായം ലഭിക്കും. പൊലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും പുതിയവ പണിയാനും രണ്ടുകോടി വീതം കേന്ദ്രം അനുവദിക്കും. ഇതില്‍ 20ശതമാനം സംസ്ഥാന വിഹിതമാണ്. സംസ്ഥാന പൊലീസിന്റെ കമാന്‍ഡോ സേനയുടെ പരിശീലനത്തിനും ഇന്‍ഷ്വറന്‍സിനും കൂടുതല്‍ പണം കേന്ദ്രം അനുവദിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























