തൊഴില്‍ നഷ്ടമായ ടെക്കി ഭാര്യയോടും മക്കളോടുമൊപ്പം ജീവനൊടുക്കി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തൊഴില്‍ നഷ്ടമായതില്‍ മനംനൊന്ത് ടെക്കി ഭാര്യയും മക്കളുമായി ജീവനൊടുക്കി. ഒരു റിസോര്‍ട്ടിലാണ് ഭാര്യയും മക്കളും ഉള്‍പ്പെട്ട നാലംഗ കുടുംബത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 45-കാരനായ അഭിഷേക് സക്സേന, ഭാര്യ പ്രീതി സക്സേന, ഇവരുടെ മക്കളായ അദ്വിത്, അനന്യ എന്നിവരെയാണ് റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേക് സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സോഡിയം നൈട്രേറ്റ് ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ലാപ്ടോപും മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇ മെയിലുകളും പോലീസ് പരിശോധിച്ചു വരികയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്‍ഡോറിലെ ഖുഡേല്‍ റിസോര്‍ട്ടില്‍ ഇവര്‍ മുറിയെടുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമായിട്ടും ഇവര്‍ മുറിയില്‍ നിന്നും പുറത്തു വരാത്തതു കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിവരം പുറം ലോകം അറിഞ്ഞത്.
മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലായതായി പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിലെ ഒരു കുപ്പിയില്‍ രാസവസ്തുവും കണ്ടെത്തി.
https://www.facebook.com/Malayalivartha