മോദിയുടെ ദീപാവലി സമ്മാനം; ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപിയിലെ മനോഹർ ലാൽ ഖട്ടാർ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. ദീപാവലി ദിവസമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ സത്യദേവ് നാരായണ ആര്യ സത്യവാചകം ചൊല്ലിക്കൊടുക്കും.
നാളെ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രിയായി ജെജെപി പാര്‍ട്ടിയുടെ നെെന ചൗട്ടാല സത്യപ്രതിജ്ഞ ചെയ്യും. അതേസമയം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ പീന്നീടായിരിക്കും നടക്കുക. രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകുന്നത്. ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ നേതാവായി മനോഹർ ലാൽ ഖട്ടാറിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഖട്ടാര്‍ ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി നാല്‍പ്പത് സീറ്റുകള്‍ നേടിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജെജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് സംഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 40 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുവേണം. 10 അംഗങ്ങളുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസിന് 31 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ ഒരുപാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരിയാനയിൽ നിർണായകമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. മുപ്പത്തിയൊന്ന് സീറ്റുകൾ നേടി നില മെച്ചപ്പെടുത്തിയ കോൺഗ്രസ് മറ്റ് എല്ലാ കക്ഷികളെയും ചേർത്ത് ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കാൻ നടത്തിയ ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടു .
അതേസമയം ഹരിയാനയിൽ അധികാരത്തിന് വേണ്ടി പഴയ വാക്കുകൾ വിഴുങ്ങുകയാണ് ബി ജെ പി എന്നായിരുന്നു കോൺഗ്രസ് ഉൾപ്പടെയുള്ളവരുടെ വിമർശനം. ഇതിനെതിരെ ബി ജെ പിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഹരിയാനയിൽ അധികാരം നിലനിർത്താൻ സ്വതന്ത്രരെ ഒപ്പം കൂട്ടാനുള്ള ബി ജെ പിയുടെ ശ്രമവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയരുന്നിരുന്നത്.
ബി ജെ പിക്ക് വേണ്ടി സ്വതന്ത്രരെ ഒന്നിച്ച് നിർത്താൻ ശ്രമിക്കുന്ന ഹരിയാന ലോക് ഹിത് പാർട്ടിയുടെ ഗോപാൽ കാണ്ഡെയാണ് ബി ജെ പിയിൽ വിവാദത്തിന് വഴിയൊരുക്കിയത്. എയർഹോസ്റ്റസ് ഗീതിക ശർമ്മയും അമ്മ അനുരാധയും ആത്മഹത്യ ചെയ്ത കേസിൽ കുറ്റാരോപിതനാണ് കാണ്ഡ. കാണ്ഡയെ അധികാരം നിലനിർത്താൻ കൂടെ കൂട്ടുന്നതിനെതിരെ ബി ജെ പി നേതാവ് ഉമാഭാരതി രംഗത്തെത്തിയിരുന്നു.
വിമർശനം ഉയരുകയും 10 അംഗങ്ങളുള്ള ജെ ജെ പിയുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെ ബി ജെ പി നേതൃത്വം കാണ്ഡെയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് അറിയിച്ചു. നേരത്തെ കാണ്ഡെ ഉപാധികകളില്ലാതെ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഗോപാൽ കാണ്ഡെയുടെ പിന്തുണ ബി ജെ പി സ്വീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കാണ്ഡെയുടെ പിന്തുണ സ്വീകരിക്കുകയോ മന്ത്രിസഭയിലെടുക്കുകയോ ചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ഹരിയാനയിലെ നേതാവ് അനിൽ വിജും പറഞ്ഞു.
https://www.facebook.com/Malayalivartha