പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ രാജ്യമെമ്പാടുമുള്ള തെരുവുകൾ പ്രക്ഷോഭകാരികൾ കീഴടക്കുമ്പോൾ ശക്തമായ മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ; ബംഗാളിലെ പല സ്ഥലങ്ങളിലും തീവെപ്പും അക്രമ സംഭവങ്ങളും അരങ്ങേറിയതോടെയാണ് മമത രംഗത്തെത്തിയത്

ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേധിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും മമത പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.ബംഗാളിലെ ഹൗറാ ജില്ലയിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ സമുച്ചയം പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.. ഇതേത്തുടര്‍ന്നു തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളമുള്ള റോഡുകള്‍ ഉപരോധിച്ചാണു സമരം നടക്കുന്നത്. അതിനിടെ പല കടകളും നശിപ്പിക്കപ്പെടുകയുമുണ്ടായി.
ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ രജിസ്റ്ററോ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു മമത നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ഇവിടെയുണ്ടെന്നുമാണ് മമത പറഞ്ഞത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു. ബംഗാളും കേരളവും പഞ്ചാബും സര്‍ക്കാര്‍ തലത്തില്‍ ഈ നിയമത്തെ എതിര്‍ത്തു നിലപാടെടുത്തത്.
ബംഗാളിനു പുറമേ അസമിലും മേഘാലയയിലും ദല്‍ഹിയിലും ശക്തമായ പ്രതിഷേധങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നത്. ഇന്നലെ തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധം നടന്നിരുന്നു. നിയമം കീറിയെറിഞ്ഞുകൊണ്ട് തമിഴ്‌നാട്ടില്‍ സമരം ചെയ്ത ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തതു വന്‍ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.
ദല്‍ഹിയില്‍ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേര്‍ക്ക് പൊലീസ് ലാത്തി വീശുകയും ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായി ഇവിടെ പരിക്കേറ്റത്.
https://www.facebook.com/Malayalivartha



























