സാന്താക്ലോസായെത്തിയത് ഇന്ത്യൻ ക്രിക്കറ് നായകൻ; അമ്പരന്നു അഭയ കേന്ദ്രത്തിലെ കുട്ടികൾ ; വീഡിയോ വൈറലാകുന്നു

ക്രിസ്മസ് ദിനത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. സ്റ്റാറുകളും പുൽക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം ഒരുങ്ങികഴിഞ്ഞു. കരോൾഗാനങ്ങളുടെയും ബാൻറ്റ്മേളത്തിന്റെയും മാറ്റൊലികൾ എങ്ങും കേൾക്കാം. ക്രിസ്മസ് ആഘോഷങ്ങളിൽ മുഖ്യ താരമാണ് ക്രിസ്മസ് പാപ്പാമാർ. ചുവന്ന കുപ്പായമണിഞ്ഞു വെള്ളത്താടിയും വെള്ളത്തലമുടിയുമൊക്കെയായി സമ്മാനങ്ങളുമായെത്തുന്ന ക്രിസ്മസ് പാപ്പാമാർ കുട്ടികളുടെ പ്രിയങ്കരനാണ്. കൊൽക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലെ കുട്ടികളെ ഞെട്ടിച്ചുകൊണ്ട് ഇത്തവണത്തെ ക്രിസ്മസ് സന്ദേശങ്ങളുമായെത്തിയ ക്രിസ്മസ് പപ്പാ ഇന്ത്യൻ ക്രിക്കറ് നായകൻ സാക്ഷാൽ വിരാട് കോഹ്ലിയായിരുന്നു. കേന്ദ്രത്തിലെ ഒരു മുറിയിൽ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ക്രിസ്മസ് പപ്പയുടെ വേഷത്തിൽ വിരാട് കോഹ്ലി എൻട്രി നടത്തുന്നത്.
തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനെത്തിയ വിരാട് കോഹ്‌ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പ്രശംസ നേടിയിരുന്നു. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. സെലിബ്രിറ്റികൾ ക്രിസ്മസ് ആഘോഷങ്ങൾക്കായി വിദേശ രാജ്യങ്ങളിലേക്ക് പറക്കുമ്പോൾ വ്യത്യസ്തമായി ക്രിസ്മസ് ആഘോഷിക്കുന്ന കോഹ്‌ലിയുടെ വീഡിയോ വളരെയധികം ലൈക്കുകൾ സ്വന്തമാക്കിയിരുന്നു. സ്റ്റാർ സ്പോർട്സാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഒരു മുറിയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുമ്പോഴായിരുന്നു "കോലി പാപ്പ" കടന്നുവരുന്നത്.
ലൈറ്റ് ഓഫായി ഓണായതും പാപ്പ മണിയും കിലുക്കി കുട്ടികളുടെ മുന്നിൽ ചാടിവീണു. പാപ്പയെ കണ്ട കുട്ടികളുടെ മുഖത്ത് സന്തോഷവും അത്ഭുതവും അമ്പരപ്പും മിന്നി മറയുന്നത് വീഡിയോയിൽ കാണാം.പിന്നാലെ അനവധി കളിപ്പാട്ടങ്ങളുടെയും സമ്മാനങ്ങളുടെയും വരവായിരുന്നു.പാവകൾ, ചെരുപ്പുകൾ, ബാറ്റ്, ബോൾ, കേക്ക്, സൈക്കിൾ തുടങ്ങി നിരവധി സമ്മാനങ്ങൾ കോലി പാപ്പ കുട്ടികൾക്ക് നൽകുന്നുണ്ട്. ഇതിനുശേഷമാണ് കൊഹ്‌ലിക്കൊപ്പമുണ്ടായിരുന്ന ഒരാൾ വിരാട് കൊഹ്‌ലിയെ അറിയാമോ എന്ന് ചോദിക്കുന്നത്. കുട്ടികൾ അറിയാം എന്ന ഉറക്കെ ഉത്തരം നൽകുകയും ചെയ്തു. പിന്നെ ഒട്ടും താമസിച്ചില്ല പാപ്പയുടെ മുഖംമൂടി മാറ്റി കോലി കുട്ടികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പിന്നെ കാണുന്നത് കുട്ടികൾ ആർത്തുവിളിച്ചുകൊണ്ടു കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയടുക്കുന്നതാണ്. കുട്ടികൾ അദ്ദേഹത്തെ കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം. സ്റ്റാർ സ്പോർട്സ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























