കള്ളക്കടത്തിന് നിലക്കടല, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി!

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ മുമ്പില്‍ കണ്ട കള്ളക്കടത്തിന്റെ പുതിയ രീതിയില്‍ അത്ഭുതപ്പെടുകയാണ്.
ഇതിനു മുമ്പ് ലോകത്താരുംതന്നെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലാണ് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചത്. നിലക്കടലയുടെ തൊണ്ടിനുള്ളിലും ബിസ്‌കറ്റിലും ഇറച്ചി കൊണ്ടുള്ള പലഹാരത്തിനുള്ളിലും ഒളിപ്പിച്ചുള്ള കടത്തായിരുന്നു അത്.
സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, കുവൈറ്റ് ദിനാര്‍, ഒമാനി റിയാല്‍, യൂറോ എന്നീ കറന്‍സികളാണ് പിടിച്ചെടുത്തത്. പുതിയ മാര്‍ഗത്തിലുള്ള കള്ളക്കടത്ത് ശ്രദ്ധയില്‍പ്പെട്ടത് മുറാദ് അലി എന്ന യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ്. മുറാദ് അലി അടുത്ത കാലങ്ങളില്‍ പലതവണ ദുബായ് ഉള്‍പ്പടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് സിഐഎസ്എഫ് വക്താവ് എഐജി ഹേമേന്ദ്ര സിംഗ് പറഞ്ഞത്.
വറുത്ത ആട്ടിറച്ചിയുടെ ഉള്ളില്‍ അതിവിദഗ്ധമായാണ് നോട്ടുകള്‍ ഒളിപ്പിച്ചിരുന്നത്. നിലക്കടലയുടെ തോടിനുള്ളില്‍ മൂല്യം കൂടിയ കറന്‍സികള്‍ വച്ചിരുന്നത് അതിലേറെ കരവിരുതിലാണ്. നിലക്കടലയുടെ തോട് തുറന്ന് കപ്പലണ്ടി നീക്കം ചെയ്തശേഷം നോട്ട് ചെറുതായി കടലയുടെ വലിപ്പത്തില്‍ ചുരുട്ടി നൂല്‍ ചുറ്റിക്കെട്ടി അതിനുള്ളില്‍ വയ്ക്കും. പിന്നീട് തോടുകള്‍ ചേര്‍ത്ത് ഒട്ടിച്ച് ബാഗിലിട്ടാണ് കറന്‍സി കടത്തിയത്.
മുറാദ് അലി ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ സ്വദേശിയാണ്. ഇയാള്‍ മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്ന വാഹകന്‍ മാത്രമാണെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha