അയ്യോ അഛാ പോകല്ലേ .. പറഞ്ഞുറപ്പിച്ച പ്രകാരം 'മക്കൾ' കോറസ്സായി പാടിക്കോളും; പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന തീരുമാനത്തെ പരിഹസിച്ച് നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന തീരുമാനത്തെ പരിഹസിച്ച് നേതാക്കള്‍. അയ്യോ അച്ഛാ പോകല്ലേ എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള തന്ത്രമാണ് മോദിയുടേതെന്ന് സിപിഎം നേതാവ് എംബി രാജേഷ് പരിഹസിച്ചു. സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് മോദി പറയുമ്പോള്‍ അനുയായികള്‍ കൂട്ടത്തോടെ കരയും. അത് മോദിയുടെ ഗിമ്മിക്കാണെന്നും രാജേഷ് പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിച്ചതിന്റെ ആത്മാര്‍ത്ഥമായ കുറ്റബോധമാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനുള്ള മോദിയുടെ തീരമാനം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടും. അങ്ങനെയാണെങ്കില്‍ അതുമാത്രം പോരാ, അധികാരം കൂടി ഉപേക്ഷിക്കണം. നോട്ടുനിരോധനം പോലെ ഒരു നിശാനാടകം മാത്രമായിട്ടാണ് ഇതിനെ കാണുന്നതെന്ന് രാജേഷ് പറഞ്ഞു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
അയ്യോ അഛാ പോകല്ലേ ..അയ്യോ അഛാ പോകല്ലേ "ചിന്താവിഷ്ടയായ ശ്യാമളയിലെ ചിരിച്ച് മണ്ണ് കപ്പിയ രംഗം ഓർമ്മ വരുന്നില്ലേ? സ്വന്തം കൊള്ളരുതായ്മ മറച്ചുവെച്ച് സഹതാപം നേടി പിടിച്ചു നിൽക്കാനുള്ള ശ്രീനിവാസൻ്റെ കഥാപാത്രം പ്രയോഗിക്കുന്ന അടവ്. പറഞ്ഞുറപ്പിച്ച പ്രകാരം 'മക്കൾ' കോറസ്സായി പാടിക്കോളും. അതിൽ തന്നെ ശ്രീനിവാസൻ കഥാപാത്രം പറയുന്നുണ്ട് " ഞാനെന്തു മാത്രം ഇക്കണോമിക്സ് പഠിച്ചതാ" എന്ന്. സീസണൽ ഭക്തനാവാൻ ഞാനില്ല എന്നു പറഞ്ഞ് ശബരിമലക്ക് ഒരിക്കൽ മാലയിട്ടത് ഊരാനും കൂട്ടാക്കുന്നില്ല. വീട്ടിലെ ഇക്കോണമിയും ബിസിനസും പൊളിയുകയും വ്യാജ വിശ്വാസവും കപടഭക്തിയും ഏശാതെ വരികയും ചെയ്തപ്പോഴായിരുന്നു സിനിമയിൽ ശ്രീനിവാസൻ്റെ മക്കളെ പറഞ്ഞുറപ്പിച്ച് നടത്തിയ നിശാ നാടകം.
ഈ പോസ്റ്റിന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയുമായോ സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃഛികം മാത്രം. ജ.മുരളീധറിനെ സർക്കാരിനെ വിമർശിച്ച അതേ ദിവസം പാതിരാത്രിക്ക് മാറ്റിയതു പോലെ യാദൃഛികം. അപ്പോൾ 'മക്കൾ ' റെഡിയല്ലേ? " അയ്യോ അഛാ പോകല്ലേ " തുടങ്ങാൻ. എന്ന് പരിഹാസത്തോടെയാണ് എംബി രാജേഷ് ഫേസ്ബുക്കിൽ പ്രതികരിച്ചത്.
മോദിയുടെ അപ്രതീക്ഷിത ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ ഞായറാഴ്ച മാത്രം സമൂഹമാധ്യമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണ് മോദി സൂചിപ്പിച്ചതെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലാണ് മോദിക്ക് അക്കൗണ്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാളാണ് നരേന്ദ്ര മോദി. ഫെയ്‌സ്ബുക്കില്‍ നാലരക്കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ നേതാവും. ഡോണള്‍ഡ് ട്രംപ്, ബറാക് ഒബാമ എന്നിവരാണ് മോദിക്കു മുന്നിലുള്ളത്.
https://www.facebook.com/Malayalivartha