സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ കമൽനാഥിന്റെ അവസാന ശ്രമം ; മധ്യപ്രദേശില്‍ എല്ലാ മന്ത്രിമാരും രാജിവെച്ചു; മന്ത്രിസഭ പുനഃസംഘടന നടത്തി സിന്ധ്യയെ അനുനയിപ്പിക്കാനാണ് നീക്കം

മധ്യപ്രദേശില്‍ ജോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തില്‍ ഉടക്കി നില്‍ക്കുന്ന എംഎല്‍എമാരെയും മന്ത്രിമാരെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ അവസാന ശ്രമം.അതിനായി എല്ലാ മന്ത്രിമാരെയും രാജിവെപ്പിച്ചു . മന്ത്രിസഭ പുനഃസംഘടന നടത്തി സിന്ധ്യയെ അനുനയിപ്പിക്കാനാണ് നീക്കം. അതിനിടെ മധ്യപ്രദേശില്‍ അട്ടിമറി സാധ്യത കണ്ട ബിജെപി നീക്കങ്ങള്‍ ചടുലമാക്കി. അമിത് ഷാ മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ ചര്‍ച്ച നടത്തി.ഇതിൻ്റെ ഭാഗമായി 20 മന്ത്രിമാർ രാജി നൽകി
ഇടഞ്ഞു നില്‍ക്കുന്ന എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണ് രാജി . എല്ലാ മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് കമല്‍നാഥ് രാജി ആവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഈ ഫോര്‍മുലയിലേക്ക് കമല്‍നാഥ് എത്തിയത്.
പ്രതിപക്ഷമായ ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരിക്കുന്ന അതേ സമയത്താണ് ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കമല്‍നാഥിന്റെ നീക്കം.ബംഗളൂരുവില്‍ എത്തിയ എം.എല്‍.എമാരില്‍ ആറോളം മന്ത്രിമാരും ജോ്യാതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്നുണ്ട്. ഈ മന്ത്രിമാരെയും ബന്ധപ്പെടാനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
രാജ്യസഭ സീറ്റുകളിലേക്ക് മത്സരം നടക്കാനിരിക്കെയാണ് എം.എല്‍.എമാര്‍ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇപ്പോള്‍ ഉടക്കി നില്‍ക്കുന്നത്. എംഎല്‍എമാര്‍ ഇപ്പോള്‍ ബാംഗലൂരുവിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലേക്ക് ബിജെപി കടത്തി കൊണ്ടുപോയി എന്ന ആരോപിക്കപ്പെട്ടിരുന്ന എംഎല്‍എമാര്‍ തിരിച്ചെത്തിയിരുന്നു. ഇതോടെ പ്രതിസന്ധിയില്‍നിന്ന് കരകയറി എന്ന് കരുതിയപ്പോഴാണ് കൂടുതല്‍ വലിയ പ്രതിസന്ധി സര്‍ക്കാരിനെ ബാധിച്ചത്. 17 എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ബിജെ പിക്ക് സാധിച്ചതൊടെ കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാകുമെന്ന അവസ്ഥയിലാണ്.
ഈ സാഹചര്യത്തിലാണ് അനുനയ നീക്കങ്ങള്‍ ശക്തമാക്കിയത്. ജോതിരാദിത്യസിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും അദ്ദേഹത്തിന്റെ വിശ്വസ്തനും ആരോഗ്യമന്ത്രിയുമായ തുള്‍സി സിലാവതിനെ പി സി സി അധ്യക്ഷനുമാക്കാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നറിയുന്നു. ഇന്നലെ രാത്രി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടികാഴ്ച നടത്തി. ഒരു തരത്തിലും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും മാഫിയകളുടെ സഹായത്തോടെയാണ് അട്ടിമറി പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha

























