പഞ്ചാബിലെ അമൃത്സറില്‍ നിന്ന് രാജസ്ഥാനിലെ സാദുല്‍ ഷഹറിലേക്ക് കാല്‍നടയായി ആറ് ദിവസം കൊണ്ട് 277 കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയാണ് 16 അംഗ കുടിയേറ്റ തൊഴിലാളി സംഘം... ഇനി 600 കിലോമീറ്റര്‍ കൂടി, ഉള്ളുലക്കും ഈ പാലായനം

പഞ്ചാബിലെ അമൃത്സറില്‍ നിന്ന് രാജസ്ഥാനിലെ സാദുല്‍ ഷഹറിലേക്ക് 277 കിലോമീറ്റര്‍ കാല്‍നടയായി ആറ് ദിവസം കൊണ്ട് 277 കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയാണ് 16 അംഗ കുടിയേറ്റ തൊഴിലാളി സംഘം. ഇനിയും 600 കിലോമീറ്റര്‍ ദൂരം അവര്‍ക്ക് താണ്ടാനുണ്ട്. ഗംഗപുറിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്കാണ് അവര്‍ക്ക് പോകേണ്ടത്. സത്യത്തില്‍ ഇത് പലായനമല്ല, പരക്കം പാച്ചിലാണ്. ജീവന്‍ വാരി കൈയില്‍ പിടിച്ചുള്ള നെട്ടോട്ടമാണ്. രണ്ട് സ്ത്രീകളും രണ്ട് കൈകുഞ്ഞുങ്ങളും അടങ്ങിയ ഈ സംഘം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് രാജസ്ഥാന്‍ അതിര്‍ത്തിയായ സാദുല്‍ ഷഹറിലെത്തി ചേര്‍ന്നത്. നടന്ന് തളര്‍ന്ന് എത്തിയ സംഘം ഇവിടെ എത്തിയപ്പോള്‍ അതിര്‍ത്തി അടച്ചിരുന്നു. തുടര്‍ന്നിവര്‍ വനമേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
പലായനമെന്നോ അഭയാര്‍ഥി പ്രവാഹമെന്നോ ഇതിനെ വിശേഷിപ്പിക്കാനാവില്ല ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തിയില്‍ അരങ്ങേറുന്ന ജീവിതദൃശ്യങ്ങളെ. രോഗഭയത്തിനും വിശപ്പിനും നടുവില്‍ രക്ഷ തേടിയുള്ള പാവങ്ങളുടെ പരിഭ്രാന്തി നിറഞ്ഞ ഓട്ടമാണ് ഡല്‍ഹിയില്‍ കാണാനാകുന്നത്.
അതിന്റെ ഒരു ഭയാനകമായ ഒരു കാഴ്ചയാണ് ഇതും. യാത്രാവഴിയില്‍ സാദുല്‍ ഷഹറിലെ ഗ്രാമീണര്‍ തങ്ങള്‍ക്ക് ഭക്ഷണവും വിശ്രമിക്കാനിടവും തന്നതായി, സംഘത്തിലൊരാള്‍ പറഞ്ഞു. 'മാര്‍ച്ച് 20-നാണ് ഞങ്ങള്‍ അമൃത്സറിലേക്കെത്തിയത്. വേനല്‍കാലം മുഴുവന്‍ അവിടെ ജോലിചെയ്യേണ്ടതായിരുന്നു. എന്നാല്‍ പെട്ടെന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയും ഞങ്ങളവിടെ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 24-ന് ഞങ്ങള്‍ അമൃത്സറില്‍ നിന്ന് ഗ്രാമത്തിലേക്ക് നടത്തം ആരംഭിച്ചു. പലയിടങ്ങളിലായി വിശ്രമിച്ചു. റോഡരികില്‍ കിടന്നുറങ്ങി. പലയിടത്ത് നിന്നും സൗജന്യമായി ഭക്ഷണം ലഭിച്ചു. കൈയില്‍ ആകെയുണ്ടായിരുന്ന പണവും കഴിഞ്ഞതോടെയാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്.
അതിര്‍ത്തികള്‍ അടച്ചകാര്യം ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ഇനി ഞങ്ങള്‍ വനത്തിലൂടെയാണ് പോകുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുകയാണെങ്കില്‍ അത് വലിയൊരു അനുഗ്രഹമായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഞങ്ങള്‍ക്ക് അഗ്നിപരീക്ഷയാണ്' സംഘത്തിലെ ഒരു തൊഴിലാളി പറഞ്ഞു. പഞ്ചാബ് രാജസ്ഥാന്‍ അതിര്‍ത്തിഗ്രാമമായ സാദുല്‍ ഷഹറില്‍ നിന്ന് 600 കിലോമീറ്ററാണ് ഇവരുടെ ഗ്രാമമായ ഗംഗാപുറിലെത്താന്‍ വേണ്ടത്. ഇതിനോടകം 227 കിലോമീറ്റര്‍ നടന്ന ഇവര്‍ ആകെ തളര്‍ന്ന് അവശരായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി സംഘങ്ങളെ പല സംസ്ഥാന അതിര്‍ത്തികളിലും റോഡുകളിലും കാണാം. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്,
കൈക്കുഞ്ഞുങ്ങളെ കൈകളിലും ഇതുവരെയുള്ള ജീവിതത്തിന്റെ ബാക്കി പത്രങ്ങള്‍ തലയിലുമേറ്റി കുടുംബാംഗങ്ങള്‍ക്കൊപ്പം കിലോമീറ്ററുകള്‍ നടന്നാണ് ഇവര്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തുന്നത്. വൃദ്ധരും സ്ത്രീകളുമടങ്ങുന്ന സംഘങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പ്രവഹിച്ച് അതിര്‍ത്തികളില്‍ ജനസമുദ്രമായി മാറുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഒഡീഷയിലുമുള്ള ചെറുഗ്രാമങ്ങളിലെത്തിപ്പെട്ടാല്‍ രക്ഷയായെന്ന തോന്നലാണ് ഇവരെ വഴി നടത്തുന്നത്.സംസ്ഥാന അതിര്‍ത്തികള്‍ അടച്ചെന്നോ കൊറോണ ബാധ തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്നോ ഉള്ള സര്‍ക്കാര്‍ ആഹ്വാനങ്ങള്‍ ഈ ആള്‍ക്കൂട്ടത്തിന് അറിവില്ല. സന്നദ്ധ സംഘടനകള്‍ നല്‍കിയ മാസ്‌കുകകള്‍ അണിഞ്ഞവരും അണിയാത്തവരും രാപ്പകല്‍ അതിര്‍ത്തി കടക്കാനായി കാത്തു നില്‍ക്കുന്നു- ആയുസ്സിലാദ്യമായി അവര്‍ക്ക് മുന്നില്‍ ഉയര്‍ന്ന അതിര്‍ത്തിമതിലുകള്‍ക്ക് മുന്നില്‍ നിസ്സഹായരായി. ഡല്‍ഹി നഗരങ്ങളിലും ചെറു ജോലികള്‍ ചെയ്ത് ചേരികളില്‍ ചെറുജീവിതങ്ങള്‍ തള്ളി നീക്കിയവര്‍ക്ക് മുന്നില്‍ പൊടുന്നനെയെത്തിയ ലോക്ഡൗണ്‍ വലിയ ചോദ്യചിഹ്നമായിരിക്കുന്നു.'
"
https://www.facebook.com/Malayalivartha