ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. രോഗികള്‍ 2300 കടന്നതോടെ നടപടികള്‍ കടുപ്പിക്കാന്‍ നീക്കം

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2300 കടന്നതായി ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗബാധിതരായവരുടെ എണ്ണം 306 ആണ്. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2088ലെത്തി. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആയി. ഇതിനിടെ രോഗം ബാധിച്ച 56 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 13 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേര്‍. മധ്യപ്രദേശില്‍ ആറ് പേരും പഞ്ചാബിലും ഡല്‍ഹിയിലും നാല് പേര്‍ വീതവും മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അതിനിടെ, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രമന്ത്രിമാര്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒത്തുകൂടി. ആഭ്യന്തര മന്ത്രി അമിത് ഷായടക്കം പങ്കെടുത്ത യോഗം, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ വിവിധ വകുപ്പുകള്‍ എങ്ങനെയാണ് ഏകോപിപ്പി ക്കുന്നതെന്നതിനെക്കുറിച്ച് വിവിധ കേന്ദ്രമന്ത്രിമാര്‍ വിശദീകരിച്ചു. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്‍, ആഭ്യന്തര വകുപ്പ് സഹമന്ത്രി കിഷന്‍ റെഡ്ഡി എന്നിവരാണ് പപങ്കെടുത്തത്.
യോഗത്തില്‍ കഴിഞ്ഞ 9 ദിവസത്തെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. രാജ്യത്തെ പൊതുവേയുള്ള സ്ഥിതികളും അവലോകനം ചെയ്തു. മന്ത്രിമാരോട് വരുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് ദീപം തെളിയിച്ചുള്ള കൊറോണ പ്രതിരോധ സന്ദേശത്തിന്റെ നിര്‍ദ്ദേശം രാജ്യവ്യാ പകമായി എത്തിക്കാനും കേന്ദ്രമന്ത്രി രാജ്നാഥ്സിംഗ് നിര്‍ദ്ദേശിച്ചു. ഇത്തരം പരിപാടികളില്‍ ആരും കൂട്ടമായിച്ചേര്‍ന്ന് നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രാജ്നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു.
അതിനിടെ, ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കനത്ത പിഴ ഈടാക്കാനുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്്. എപിഡെമിക് ആക്ടും ദുരന്തനിവാരണ നിയമവുമനുസരിച്ച് കനത്ത പിഴ ഈടാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള അക്രമമുണ്ടായാല്‍ ഐ.പി.സിക്ക് പുറമേ, ഈ നിയമങ്ങളും ചുമത്തി രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നു.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരുമായും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രാജ്യത്ത് കൊറോണ വൈറസ് മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഇരുവരും വിലയിരുത്തി. വിവിധ സംസ്ഥാനങ്ങളിലെ കൊറോണയുടെ സാഹചര്യങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. രാജ്യത്ത്, സ്ഥിതിഗതികള്‍ ഏറ്റവും മോശമായ മേഖലകളില്‍ കൊറോണ വൈറസിനെതിരെ റെഡ് ക്രോസിന് എന്തുചെയ്യാനാവും, കൊറോണ തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ പൗരസമൂഹം, സന്നദ്ധ സംഘടനകള്‍, സ്വകാര്യ മേഖല എന്നിവക്ക് എന്ത് ചെയ്യാന്‍ സാധിക്കും തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.
അതേസമയം, ഗവര്‍ണര്‍മാര്‍, ലഫ്.ഗവര്‍ണര്‍മാര്‍, സംസ്ഥാന കേന്ദ്രഭരണ പ്രദേശ ഭരണത്തലവന്മാര്‍ എന്നിവരുമായി രാഷ്ട്രപതി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയാണിത്. മാര്‍ച്ച് 27നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആദ്യ ചര്‍ച്ച നടത്തിയത്. അന്ന് 14 ഗവര്‍ണര്‍മാരും ഡല്‍ഹി ലഫ്.ഗവര്‍ണറും അവരവരുടെ പ്രദേശങ്ങളിലെ സ്ഥിഗതികള്‍ പങ്കുവച്ചിരുന്നു. ബാക്കിയുള്ള ഗവര്‍ണര്‍മാരും ലഫ്. ഗവര്‍ണര്‍മാരും മറ്റ് ഭരണത്തലവന്മാരും രണ്ടാമത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha