ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്

ദേശീയ ഗുണനിലവാര മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന സ്‌കോറോടെ പത്തനംതിട്ട കുളനട കുടുംബാരോഗ്യ കേന്ദ്രം. നൂറില്‍ 98.64 ശതമാനം സ്‌കോറോടെയാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം നേടിയത്. എന്‍ക്യുഎഎസ് മാനദണ്ഡപ്രകാരം എല്ലാ ചെക്ക് ലിസ്റ്റുകളിലും മികച്ച മുന്നേറ്റം നടത്താന്‍ കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു.
ഈ സര്‍ക്കാറിന്റെ കാലത്ത് കുളനട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് എന്‍ക്യു എഎസ് സര്‍ട്ടിഫിക്കേഷന്‍. 69 ലക്ഷം രൂപ ചെലവഴിച്ചാണ് കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപയും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, ഒപി റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, പ്രീ ചെക്ക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാര്‍മസി, ഫാര്‍മസി സ്‌റ്റോര്‍, നഴ്‌സിംഗ് സ്‌റ്റേഷന്‍, ഇന്‍ജക്ഷന്‍ റൂം, സെര്‍വര്‍ റും, ടോയ്‌ലറ്റ് എന്നിവയുണ്ട്.
രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ഒപി പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗ നിര്‍ണയ ക്ലിനിക്, ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനിക്, പാലിയേറ്റീവ് കെയര്‍ ഒപി, ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്, എല്ലാ ദിവസവും ലാബിന്റെ സേവനം, മാസത്തില്‍ രണ്ട്, നാല് ചൊവാഴ്ചകളില്‍ കണ്ണിന്റെ ഒപി എന്നീ സേവനങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചത്.
ഇത് കൂടാതെ 2023 24 സാമ്പത്തിക വര്‍ഷത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന കുളനട മെയിന്‍ സെന്റര്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 55 ലക്ഷം രൂപ കൂടി അനുവദിച്ചു. 2024 25 വര്‍ഷത്തെ വര്‍ഷത്തെ ജില്ലാതല കായകല്‍പ്പ് പുരസ്‌കാരവും കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്തെ ആകെ 278 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 170 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 30 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























