കകോദ്കര്‍ ഐ.ഐ.ടി ബോര്‍ഡ് സ്ഥാനം രാജിവച്ചു
ബോംബെ ഐ.ഐ.ടി ബോര്‍ഡ് ഗവര്‍ണര്‍മാരുടെ ചെയര്മാന് സ്ഥാനം പ്രമുഖ ആണവ ശാസ്ത്രജ്ഞന് അനില്‍ കകോദ്കര്‍ രാജിവച്ചു. ബോര്‍ഡിലെ ചില ഡയറക്ടര്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാനവശേഷി മന്ത്രാലയവുമായി ഉടലെടുത്ത ഭിന്നതയെ തുടര്‍ന്നാണിത്. ഈ വര്‍ഷം മേയില്‍ അദ്ദേഹത്തിന്റെ സേവന കാലാവധി അവസാനിക്കാനിക്കുകയാണ്. പാട്ന, ഭുവനേശ്വര്‍, റോപര്‍ എന്നീ ഐ.ഐ.ടികളിലെ ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി മാര്‍ച്ച് 22ന് യോഗം ചേരാനിരിക്കെയാണ് കകോദ്കറിന്റെ രാജി. സ്മൃതി ഇറാനി അദ്ധ്യക്ഷയായ സമിതിയില്‍ കകോദ്കറും അംഗമാണ്. പാട്നയിലും ഭുവനേശ്വറിലും പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സമവായത്തിലെത്തിയെങ്കിലും റോപറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
മന്ത്രാലയവുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ഐ.ഐ.ടി ഡല്‍ഹി ഡയറക്ടര്‍ ആര്.ഷെവ്ഗാവോണ്കര് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജിവച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.എന്നാല്‍ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മേയ് വരെ തുടരാമെന്ന് കകോദ്കര്‍ സമ്മതിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha