ജമ്മു കശ്മീരിലെ പോലീസ് സ്റ്റേഷനുനേരെ ഭീകരാക്രമണം: മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ നാലു പേര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കത്തുവ ജില്ലയില്‍ പൊലീസ് സ്റ്റേഷനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര് കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്നുരാവിലെ ആറുമണിയോടെയാണ് രാജ്ബാഗിലെ പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി നുഴഞ്ഞുകയറിയ മൂന്നു ഫിദായീന്‍ ഭീകരരാണ് ആക്രമണത്തിന് പിന്നില്‍. ഇതില്‍ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു.
സംഭവത്തില്‍ ഏഴു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും ഒരു പ്രദേശവാസിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കു പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്പ്പ് തുടരുകയാണ്.
രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ പൊലീസ് സ്റ്റേഷന്. ആക്രമണത്തെ തുടര്‍ന്ന് ജമ്മുവിലെ ദേശീയ പാത ഒന്ന് ജില്ലാ അധികാരികള്‍ അടച്ചു. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha